സണ്ണി ജോസഫ് തൻ്റെ സ്വന്തമാളാണെന്ന് കെ. സുധാകരൻ

തന്നെ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നും മാറ്റി കൊണ്ടുള്ള എ.ഐ.സി.സി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരൻ 

 

കഴിഞ്ഞ നാലു വർഷമായി താൻ കെ.പി.സി.സി അദ്ധ്യക്ഷനാണ്. ഒരേ യാൾതന്നെ പാർട്ടിയെ നയിക്കുമ്പോൾ മടുപ്പുണ്ടാകും.

കണ്ണൂർ : തന്നെ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നും മാറ്റി കൊണ്ടുള്ള എ.ഐ.സി.സി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. പുതിയ പ്രസിഡൻ്റിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു. രാഹുൽ ഗാന്ധിയും ഖാർഗെ യുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ പുതിയ കെ. പി സി.സി പ്രസിഡൻ്റ് വരണമെന്ന കാര്യം തന്നെ അറിയിച്ചിരുന്നു.

തന്നെ മാറ്റുമെന്ന കാര്യം അറിയില്ലെന്നു പറഞ്ഞിട്ടില്ല. അതൊക്കെ മാധ്യമ സൃഷ്ടികളാണ്. സണ്ണി ജോസഫ് സംഘടനപരമായി കർക്കശ നിലപാടുള്ളയാളാണ്. 2001 ൽ താൻ ഡി.സി.സി പ്രസിഡൻ്റായപ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു. അതിന് ശേഷം ഡി.സി.സി പ്രസിഡൻ്റായി. പ്രവർത്തകരെ തോളോട് തോൾ ചേർന്ന് കൊണ്ടുപോകാൻ കഴിയുന്ന നേതാവാണ്.

കഴിഞ്ഞ നാലു വർഷമായി താൻ കെ.പി.സി.സി അദ്ധ്യക്ഷനാണ്. ഒരേ യാൾതന്നെ പാർട്ടിയെ നയിക്കുമ്പോൾ മടുപ്പുണ്ടാകും. തനിക്കും മടുപ്പ് തോന്നും അതു സ്വാഭാവികമാണ്. പുതിയ ടീമാണ് ഇപ്പോൾ വന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും അതിൻ്റെ ആവേശമുണ്ടാകും. സണ്ണി ജോസഫിന് പാർട്ടി പ്രവർത്തനങ്ങളിൽ എല്ലാ പിൻതുണയും നൽകും.

ഹൈക്കമാൻഡ് പറഞ്ഞാൽ സ്ഥാനം സ്വീകരിക്കുക പോകാൻ പറഞ്ഞാൽ പോവുക മാത്രമേ ചെയ്യാനുള്ളുവെന്നും സുധാകരൻ പറഞ്ഞു. സണ്ണി ജോസഫ് തൻ്റെ സ്വന്തമാളാണെന്നും ഏറ്റവും ഉചിതമായ പേര് തന്നെയാണ് നിരവധി നേതാക്കളുമായുള്ള ആശയവിനിമയത്തിലുടെ ഹൈക്കമാൻഡ് കണ്ടെത്തിയതെന്നും സുധാകരൻ പറഞ്ഞു. മറ്റു പല പേരുകൾ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് ഉയർന്നുവെങ്കിലും സണ്ണി ജോസഫിൻ്റെ പേര് ഉയർന്നപ്പോൾ താൻ അംഗീകരിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.