കേരളത്തിൽ വേനൽമഴ കനക്കുന്നു
സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകി. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയോടെ മഴ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഏപ്രിൽ 2 ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ കേന്ദ്രവും നിർദ്ദേശിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുണ്ട്.