സുഭദ്ര കൊലക്കേസ്: മൃതദേഹം ഉറുമ്പരിക്കാന്‍ 20 കിലോ പഞ്ചസാര വിതറി ; പ്രതി മാത്യൂസിന്റെ വെളിപ്പെടുത്തല്‍

കലവൂരിലെ ഒരു കടയില്‍ നിന്നുമാണ് മാത്യൂസ് പഞ്ചസാര വാങ്ങിയത്
 

സുഭദ്ര കൊലക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി മൃതദേഹത്തില്‍ 20 കിലോഗ്രാം പഞ്ചസാര വിതറിയതായി പൊലീസ് അറിയിച്ചു. പഞ്ചസാര വിതറിയാല്‍ മൃതദേഹം ഉറുമ്പരിച്ചു പോകുമെന്ന ആശയം സിനിമ കണ്ടു ലഭിച്ചതാണെന്നാണ് പ്രതി മാത്യൂസ് പൊലീസിനോട് പറഞ്ഞത്. യൂട്യൂബില്‍ കണ്ട ഒരു മലയാള സിനിമയിലാണ് ഇങ്ങനെ കണ്ടതെന്നും മാത്യൂസ് പറഞ്ഞു.

കലവൂരിലെ ഒരു കടയില്‍ നിന്നുമാണ് മാത്യൂസ് പഞ്ചസാര വാങ്ങിയത്. കട ഉടമ മാത്യൂസിനെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കുഴിയെടുത്ത് മൃതദേഹം ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്. പക്ഷേ എടുത്ത കുഴിക്ക് ആഴം കൂടുതലായതിനാല്‍ പഞ്ചസാര ഉറുമ്പരിച്ചില്ല. കൂടാടെ കുഴിയില്‍ വെളളക്കെട്ടും ഉണ്ടായിരുന്നു. മൃതദേഹം മറവു ചെയ്യുന്നതിന് മുന്നേ സുഭദ്ര ധരിച്ചിരുന്ന മാല പ്രതികള്‍ ഊരിയെടുത്തിരുന്നു. എന്നാല്‍ മാല മുക്കുപണ്ടമാണെന്നു മനസ്സിലായതോടെ തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്രതികള്‍ താമസിച്ചിരുന്ന കോര്‍ത്തുശേരിയിലെ വാടകവീടിനു പിന്നിലെ തോട്ടില്‍ നിന്നും പൊലീസ് ഇന്നലെ മാല കണ്ടെത്തി.

മാലയ്ക്കായി ഇതിന് മുന്‍പും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. ഇന്നലെ വീണ്ടും മാത്യൂസിനെ ഇവിടെയെത്തിച്ച ശേഷം തൊഴിലാളികളുടെ സഹായത്തോടെയാണ് മാല കണ്ടെത്തിയത്. തോട്ടിലെ മാലിന്യങ്ങള്‍ ഉളളതിനാല്‍ അത് വൃത്തിയാക്കിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവ് ശേഖരണത്തിന് ശേഷം ഇന്നലെ തന്നെ പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കി.