മുല്ലപ്പെരിയാര്‍ മേല്‍ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തി

പരിശോധനയുടെ റിപ്പോര്‍ട്ട് മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കും.

 

സ്പില്‍വേയിലെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിച്ചു.

മുല്ലപ്പെരിയാര്‍ മേല്‍ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തി. ചെയര്‍മാന്‍ ഗിരിധറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചത്. കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ നടത്താറുള്ള സാധാരണ പരിശോധനകള്‍ മാത്രമാണിതെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

തമിഴ്നാട് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ സാം ഇര്‍വിന്‍, സെല്‍വം എന്നിവരും കേരളത്തിന്റെ പ്രതിനിധികളായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലെവിന്‍സ് ബാബു, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.കെ. സിജി എന്നിവരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.  

ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തില്‍ അണക്കെട്ടില്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുന്‍കരുതല്‍ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി. സ്പില്‍വേയിലെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിച്ചു. പരിശോധനയുടെ റിപ്പോര്‍ട്ട് മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കും.