സ്നേഹപൂർവം’ പദ്ധതി; വരുമാന പരിധിയിൽ കുടുങ്ങി വിദ്യാർഥികൾ

വരുമാനപരിധിയിൽ കുടുങ്ങി സാമൂഹ്യനീതിവകുപ്പിന്റെ സ്നേഹപൂർവം പദ്ധതി സഹായധനത്തിന് അപേക്ഷിക്കാനാകാതെ വിദ്യാർഥികൾ.
 
കാസർകോട്: വരുമാനപരിധിയിൽ കുടുങ്ങി സാമൂഹ്യനീതിവകുപ്പിന്റെ സ്നേഹപൂർവം പദ്ധതി സഹായധനത്തിന് അപേക്ഷിക്കാനാകാതെ വിദ്യാർഥികൾ. രക്ഷിതാക്കളിലൊരാൾ മരിച്ച കുട്ടികൾക്കാണ് സ്‌നേഹപൂർവം പദ്ധതിപ്രകാരം സഹായം കിട്ടുക. എപിഎൽ വിഭാഗത്തിലുള്ളവരും കുടുംബ വാർഷികവരുമാനം ഗ്രാമപ്രദേശങ്ങളിൽ 20,000 രൂപയ്ക്കും നഗരങ്ങളിൽ 22,000 രൂപയ്ക്കും താഴെയുമുള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ ജീവിച്ചിരിക്കുന്ന രക്ഷിതാവിന് വിധവാപെൻഷനോ അതുപോലുള്ള മറ്റ് ക്ഷേമപെൻഷനോ ലഭിക്കുന്നുണ്ടെങ്കിൽ വാർഷിക വരുമാനം ഇതിൽക്കൂടുതലാകും. അതോടെ ഇവർക്ക് അപേക്ഷിക്കാനാകാത്ത സ്ഥിതിയാണ്.
നിലവിൽ ക്ഷേമപെൻഷൻ തുക മാസം 2000 രൂപയാണ്. ഏതെങ്കിലും ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ വാർഷിക വരുമാനം 24,000 രൂപയാകും. സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഗ്രാമങ്ങളിലും നഗരങ്ങളിലും നിശ്ചയിച്ചിട്ടുള്ള കുടുംബ വാർഷികവരുമാനം ഇതിൽത്താഴെയായതിനാൽ ഇവർക്കൊന്നും വില്ലേജ് ഓഫിസിൽനിന്ന്‌ ഇതനുസരിച്ചുള്ള വരുമാന സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതോടെ ഈ വിഭാഗത്തിൽപ്പെടുന്ന പാതിയിലധികം പേർക്കും അപേക്ഷിക്കാനാകില്ല. വരുമാനം നോക്കാതെ സഹായധനം അനുവദിക്കുകയോ കുടുംബ വാർഷിക വരുമാനപരിധി ഉയർത്തുകയോ ചെയ്താലേ പ്രശ്നത്തിന് പരിഹാരമാകൂ.
രക്ഷിതാക്കളിലൊരാൾ നഷ്ടപ്പെടുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്ക് വലിയ ആശ്വാസമാണ് സ്‌നേഹപൂർവം പദ്ധതി. അഞ്ചുവയസ്സിൽ താഴെയുള്ളവർക്കും ഒന്നാം ക്ലാസ് മുതൽ ബിരുദത്തിന് വരെ പഠിക്കുന്നവർക്കും ഇത് കിട്ടും.അഞ്ചാം ക്ലാസ് വരെയുള്ളവർക്ക് മാസം 300 രൂപയും ആറുമുതൽ പത്തുവരെയുള്ളവർക്ക് 500 രൂപയും 11, 12 ക്ലാസുകളിലുള്ളവർക്ക് 750 രൂപയും പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ ബിരുദ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് 1000 രൂപയുമാണ് സഹായധനമായി ലഭിക്കുക.
സ്നേഹപൂർവം പദ്ധതിപ്രകാരമുള്ള സഹായധനം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. മാസങ്ങൾ കുടിശ്ശികയായശേഷമാണ് പലപ്പോഴും തുക ലഭിക്കുന്നത്. പഠനാവശ്യങ്ങൾക്കുവേണ്ടി ഈ തുക ചെലവഴിക്കുന്ന വിദ്യാർഥികൾക്ക് ഇത് പലപ്പോഴും പ്രശ്നമാകുന്നുണ്ട്