മഹാരാജാസ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി ആവശ്യപ്പെട്ട് എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കത്തയച്ചു
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉണ്ടായ പ്രതിഷേധവും അനിഷ്ട സംഭവങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് കത്തില്‍ പറയുന്നു.
മാതൃകാപരമായ അന്വേഷണവും കര്‍ശന അച്ചടക്ക നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍ സെബാസ്റ്റ്യന്‍ മഹാരാജാസ് പ്രിന്‍സിപ്പാളിന് കത്തയച്ചു.
മഹാരാജാസ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി ആവശ്യപ്പെട്ട് എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ആന്‍ സെബാസ്റ്റ്യന്‍. വിദ്യാര്‍ഥികള്‍ക്കെതിരെയും പ്രതിഷേധത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും മാതൃകാപരമായ അന്വേഷണവും കര്‍ശന അച്ചടക്ക നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍ സെബാസ്റ്റ്യന്‍ മഹാരാജാസ് പ്രിന്‍സിപ്പാളിന് കത്തയച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉണ്ടായ പ്രതിഷേധവും അനിഷ്ട സംഭവങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് കത്തില്‍ പറയുന്നു.
വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാനെത്തിയ വിദ്യാര്‍ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷവും ആദരവും നിറഞ്ഞ നിമിഷത്തെയാണ് രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പേരില്‍ അലങ്കോലപ്പെടുത്തിയത്. ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളോട് അനാദരവ് കാട്ടിയതും പരിപാടി അലങ്കോലപ്പെടുത്തിയതും ഒരു ഉന്നത കലാലയത്തിന് ഒട്ടും ചേര്‍ന്നതല്ല. ജനാധിപത്യപരമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെങ്കിലും ഇത്തരം സുപ്രധാന അക്കാദമിക ചടങ്ങുകളെ ബാധിക്കുന്ന തരത്തിലുള്ള അച്ചടക്കലംഘനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ആന്‍ സെബാസ്റ്റ്യന്‍ കത്തില്‍ പറഞ്ഞു.
മഹാരാജാസ് കോളേജില്‍ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെ ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. സസ്പെന്‍ഷനിലായ കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാത്തതിലായിരുന്നു പ്രതിഷേധം. മന്ത്രി റോജി എം ജോണ്‍ പ്രസംഗിച്ചു തുടങ്ങിയതിന് പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സദസ്സില്‍ ബാനര്‍ ഉയര്‍ത്തുകയായിരുന്നു. ജനാധിപത്യ പ്രതിഷേധങ്ങളെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രി പ്രസംഗം തുടര്‍ന്നു. പ്രസംഗം അവസാനിച്ചതോടെ ചോദ്യങ്ങളുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ വേദിയിലെത്തി. പരിപാടി കഴിഞ്ഞ് മറുപടി നല്‍കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഇപ്പോള്‍ തന്നെ മറുപടി വേണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.
പ്രതിഷേധം കനത്തതോടെ മുട്ടുമടക്കില്ലെന്നും കാലടിയിലെ അക്രമ സമരമാണെന്നും പറഞ്ഞ് മന്ത്രി വേദി വിടുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടികള്‍ മനപ്പൂര്‍വം അലങ്കോലപ്പെടുത്തുന്നത് തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസെടുത്തത്.