വിദ്യാർത്ഥികളുടെ നടപടി അങ്ങേയറ്റത്തെ വിവരക്കേട് ; സുന്ദർ പിച്ചൈക്കെതിരെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. വിദ്യാർത്ഥികളുടെ നടപടി അങ്ങേയറ്റത്തെ വിവരക്കേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ലോകോത്തര സർവ്വകലാശാലയിൽ പഠിക്കാനും, സുന്ദർ പിച്ചൈയെപ്പോലുള്ള വലിയ നേട്ടങ്ങൾ കൈവരിച്ച ഒരാളുടെ കാഴ്ചപ്പാടുകൾ കേൾക്കാനും ലഭിച്ച സുവർണ്ണാവസരമാണ് വിദ്യാർത്ഥികൾ കളഞ്ഞുകുളിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു. വിദ്യാർത്ഥികാലത്ത് ആവേശം സ്വാഭാവികമാണെങ്കിലും, വിവരക്കേടും കോമാളിത്തരവും കാണിക്കുന്നതല്ല ഒരു ലക്ഷ്യത്തിനുവേണ്ടി പോരാടുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എഐ-യുടെ ഈ കാലഘട്ടത്തിൽ ഇത്തരം അവിവേകങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിൽ സുന്ദർ പിച്ചൈ പ്രസംഗിക്കാനായി എത്തിയപ്പോഴാണ് നൂറിലധികം വിദ്യാർത്ഥികൾ ബഹിഷ്കരിച്ച് പുറത്തിറങ്ങിയത്. “ഫ്രീ ഫ്രീ പലസ്തീൻ” എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഇസ്രയേൽ സർക്കാരുമായുള്ള ഗൂഗിളിന്റെ വിവാദപരമായ ‘പ്രോജക്റ്റ് നിംബസ്’ എന്ന 1.2 ബില്യൺ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ്/എഐ കരാറിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഈ പ്രോജക്റ്റ് ഇസ്രായേൽ സൈനിക നടപടികൾക്ക് സഹായകമാണെന്ന് ആരോപിച്ച് ‘സ്റ്റാൻഫോർഡ് സ്റ്റുഡൻ്റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ’ എന്ന സംഘടന നേരത്തെ തന്നെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.