ഷൂ ധരിച്ചെത്തിയതിനും ഷർട്ടിന്റെ ബട്ടൺ തുറന്നതിനും അഞ്ച് ജൂനിയർ വിദ്യാർഥികൾക്ക് മർദനം ; കാസർകോട് 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്
ഷൂ ധരിച്ചെത്തിയതും ഷർട്ടിന്റെ മുകളിലെ ബട്ടൺ തുറന്നിട്ടതും ചോദ്യം ചെയ്താണ് അഞ്ച് പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ അതിക്രമമെന്നാണ് പരാതി. ഉപ്പളയിലെ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ 14 പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് അഞ്ച് പ്ലസ് വൺ വിദ്യാർഥികളെ മർദിച്ചെന്നാണ് ആരോപണം.
കാസർകോട്: ഷൂ ധരിച്ചെത്തിയതും ഷർട്ടിന്റെ മുകളിലെ ബട്ടൺ തുറന്നിട്ടതും ചോദ്യം ചെയ്താണ് അഞ്ച് പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ അതിക്രമമെന്നാണ് പരാതി. ഉപ്പളയിലെ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ 14 പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് അഞ്ച് പ്ലസ് വൺ വിദ്യാർഥികളെ മർദിച്ചെന്നാണ് ആരോപണം. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് 14 വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഇതിൽ നാല് പേരെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.
ഉച്ചകഴിഞ്ഞ് സ്കൂളിൽ പ്രവേശിക്കുമ്പോൾ പടിക്കെട്ടിന് സമീപം സീനിയർ വിദ്യാർഥികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് മർദനത്തിനിരയായ ഒരു വിദ്യാർഥി പറഞ്ഞു. കൈകൾ പിന്നിലേക്ക് ഒടിക്കുകയും കവിളത്ത് അടിക്കുകയും ഷൂ ധരിച്ച കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി വിദ്യാർഥി വെളിപ്പെടുത്തി. അഞ്ച് പ്ലസ് വൺ വിദ്യാർഥികൾക്കാണ് സംഭവത്തിൽ മർദനമേറ്റതെന്നാണ് പരാതി.
റാഗിങ് സംഭവങ്ങളുടെ പേരിൽ മുൻപും നടപടി നേരിട്ടിട്ടുള്ള വിദ്യാലയമാണ് ബേക്കൂർ ഹയർ സെക്കൻഡറി സ്കൂൾ. സമാന സംഭവങ്ങളിൽ മുമ്പും സ്കൂൾ മാനേജ്മെന്റ് വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും വീണ്ടും റാഗിങ് പരാതി ഉയർന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സീനിയർ-ജൂനിയർ വിദ്യാർഥികൾക്കിടയിലെ അച്ചടക്കവും സുരക്ഷയും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് സ്കൂളിൽനിന്ന് പുതിയ റാഗിങ് പരാതി പുറത്തുവന്നിരിക്കുന്നത്.