കാടുമുടിയ ക്യാമ്പസ് വൃത്തിയാക്കാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ; തിരുവല്ല പുളിക്കീഴിലെ കേരള കേന്ദ്ര സർവ്വകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്
കാടുമുടിയ ക്യാമ്പസ് വൃത്തിയാക്കാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി തിരുവല്ലയിലെ പുളിക്കീഴിൽ പ്രവർത്തിക്കുന്ന കേരള കേന്ദ്ര സർവ്വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസിലെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്.
തിരുവല്ല : കാടുമുടിയ ക്യാമ്പസ് വൃത്തിയാക്കാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി തിരുവല്ലയിലെ പുളിക്കീഴിൽ പ്രവർത്തിക്കുന്ന കേരള കേന്ദ്ര സർവ്വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസിലെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്. സർവകലാശാലയുടെ കീഴിൽ കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോളേജിൻറെ കീഴിൽൽ പുളിക്കീഴിൽ പ്രവർത്തിക്കുന്ന ഓഫ് ക്യാമ്പസിലെ നിയമ വിദ്യാർത്ഥികളാണ് സമരമുഖത്തേക്ക് ഇറങ്ങിയിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ മുതലാണ് സ്ഥാപനത്തിലെ 40 ഓളം വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. തിരുവല്ല കേന്ദ്രമാക്കി 2014 ൽ വാടക കെട്ടിടത്തിൽ ആണ് ക്യാമ്പസ് ആരംഭിച്ചത്. തുടർന്ന് 2022 ൽ സർക്കാർ അനുവദിച്ച പമ്പ ഷുഗർ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള പത്തേക്കർ ഭൂമിയിൽ രണ്ട് കെട്ടിടങ്ങളോടു കൂടിയുള്ള ക്യാമ്പസിലേക്ക് പ്രവർത്തനം മാറ്റുകയായിരുന്നു. സംസ്ഥാനത്തിന്റെ അകത്തും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളാണ് എൽ എൽ എം , പി എച്ച് ഡി വിഭാഗങ്ങളിലായി ഇവിടെ പഠനം നടത്തുന്നത്. നാല് അധ്യാപകരും മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.
ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് ചുറ്റുമടക്കം വലിയതോതിൽ കാടുമുടി കിടക്കുകയാണ്. ഇത് മൂലം ഇഴജന്തുക്കളുടെ ശല്യം പതിവാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മുൻ വർഷങ്ങളിൽ വിദ്യാർത്ഥികളുടെ ബാഗിന് ഉള്ളിൽ വരെ പാമ്പ് കയറിയ സംഭവങ്ങൾ ഉണ്ടായതായും വിദ്യാർത്ഥികൾ പറഞ്ഞു. ശുചിമുറികളുടെ അപര്യാപ്തതയും വിദ്യാർത്ഥികളെ വലിക്കുന്നുണ്ട്. കൂടാതെ അടിക്കടി ഉണ്ടാവുന്ന പവർകട്ട് മൂലം ചൂടേറ്റ പഠിക്കേണ്ട ഗതികേടിൽ ആണെന്നും വിദ്യാർഥികൾ പറയുന്നു.
മഴക്കാലമായാൽ കോളജിന്റെ പ്രധാന ഗേറ്റ് മുതൽ ക്യാമ്പസ് പ്രവർത്തിക്കുന്ന 200 മീറ്ററോളം വരുന്ന പാതയിൽ ചെളി നിറയും. ഇത് വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി വിദ്യാർഥികൾ പറഞ്ഞു. കൂടാതെ അലൂമിനിയം ഷീറ്റ് കൊണ്ട് നിർമ്മിച്ച മേൽക്കൂരയ്ക്ക് കീഴെ പ്രവർത്തിക്കുന്ന ക്ലാസ് മുറികളിൽ വേനൽ കാലങ്ങളിൽ പഠനം നടത്തുന്നത് അസഹ്യമാണെന്നും വിദ്യാർഥികൾ പറയുന്നു. ഉയർന്ന ചൂട് മൂലം ത്വക്ക് രോഗം അടക്കമുള്ള വിവിധ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായും വിദ്യാർത്ഥികൾ പറയുന്നു.
എസ്എഫ്ഐയും കെഎസ്‌യുവും എബിവിപിയും അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ പിന്തുണ താങ്കൾക്ക് ലഭിച്ചിട്ടുണ്ടെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അതേസമയം വിദ്യാർത്ഥികൾ ഉയർത്തുന്ന പ്രശ്നങ്ങൾ സർവകലാശാലയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതായും പ്രശ്നപരിഹാരത്തിനുള്ള നീക്കം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.