ഹാഫ് മന്തിക്കൊപ്പം എക്‌സ്ട്രാ റൈസ് ചോദിച്ചു ;  തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് കടയുടമയും തൊഴിലാളികളും

ഹാഫ് മന്തിക്കൊപ്പം എക്‌സ്ട്രാ റൈസ് ചോദിച്ചതിന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റല്‍ മന്തി എന്ന സ്ഥാപനത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെയാണ് കടയുടമയും തൊഴിലാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

 

 തിരുവനന്തപുരം: ഹാഫ് മന്തിക്കൊപ്പം എക്‌സ്ട്രാ റൈസ് ചോദിച്ചതിന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റല്‍ മന്തി എന്ന സ്ഥാപനത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെയാണ് കടയുടമയും തൊഴിലാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

കട ഉടമയടക്കം മൂന്നുപേരെ പേട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഹാഫ് മന്തിക്കൊപ്പം കൂടുതൽ ചോറ് ആവശ്യപ്പെട്ടതോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. ഫുള്‍ മന്തിക്കൊപ്പം മാത്രം അധികമായി റൈസ് നല്‍കാന്‍ സാധിക്കൂവെന്നായിരുന്നു കടയിലെ ജീവനക്കാരുടെ വാദം. എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം രണ്ടാമത് മന്തി റൈസ് ചോദിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്. രണ്ടാമത് ചോറ് ചോദിച്ചപ്പോള്‍ ഹോട്ടലുകാര്‍ തരില്ലെന്ന് പറയുകയും പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികള്‍ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കുകയും ചെയ്‌തെന്നാണ് പരാതി. ഇതിനെച്ചൊല്ലി ഹോട്ടല്‍ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ജീവനക്കാര്‍ കുട്ടികളെ മര്‍ദ്ദിക്കുകയുമായിരുന്നു.

ഹോട്ടലിലെ ജീവനക്കാരും പുറത്തുനിന്നു വിളിച്ചുവരുത്തിയ ആളുകളും ഉള്‍പ്പെടെ ഇരുപതോളം പേര്‍ ചേര്‍ന്നാണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പേട്ട പൊലീസ് അറിയിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.