വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു; കെണിവെച്ചത് പന്നിയെ പിടികൂടാന്‍

സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

 

പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. പ്രതി കുറ്റം സമ്മതിച്ചു. മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനേഷാണ് കുറ്റംസമ്മതിച്ചത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. കെഎസ്ഇബി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതി എടുത്ത് കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ച് മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപം ഉണ്ട്.

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. അപകടം ഫെന്‍സിങിന് കറണ്ട് എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തിയെന്നും എഫ്‌ഐആര്‍ പറയുന്നു. അനന്തു അപകടത്തില്‍പ്പെട്ടത് കാല്‍ വൈദ്യുതി കമ്പിയില്‍ കാല്‍ തട്ടിയതോടെയെന്നാണ് എഫ്‌ഐആറിലുള്ളത്.