തിരുവനന്തപുരത്ത് ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു

 

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ് അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ട്. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ മാസമാണ് പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനു സമീപം താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി തന്റെ വീടിനു സമീപത്തു നടക്കുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ചുള്ള വിവരം പൊലീസ് ഹെല്‍പ്പ്ലൈന്‍ നമ്പരായ 100-ല്‍ വിളിച്ചു പറയുന്നത്. ഉടന്‍തന്നെ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തുകയും അയല്‍വാസിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായ മുരുകനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ ഇയാള്‍ അടുത്ത ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഭീഷണിപ്പെടുത്തല്‍ പതിവായപ്പോള്‍ പൊലീസില്‍ അറിയിച്ചു. ഈ പരാതി നിലനില്‍ക്കെയാണ് ഇയാള്‍ ജനുവരി ഏഴിന് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെയും അമ്മയെയും മര്‍ദിച്ചത്.