സാമൂഹ്യക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ അനധികൃമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

സര്‍ക്കാര്‍ പേ റോളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നതിന്റെ ലിസ്റ്റാണ് ധനവകുപ്പ് പുറത്ത് വിട്ടത്

 
കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കാനാണ് നീക്കമെങ്കിലും പേരുവിവരങ്ങള്‍ പുറത്തു വിടേണ്ടെന്നാണ് ധാരണ.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ അനധികൃമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി ധനവകുപ്പ്. മസ്റ്ററിംഗില്‍ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തല്‍. കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കാനാണ് നീക്കമെങ്കിലും പേരുവിവരങ്ങള്‍ പുറത്തു വിടേണ്ടെന്നാണ് ധാരണ.
സര്‍ക്കാര്‍ പേ റോളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നതിന്റെ ലിസ്റ്റാണ് ധനവകുപ്പ് പുറത്ത് വിട്ടത്. എല്ലാ വകുപ്പികളിലുമുണ്ട് അനര്‍ഹര്‍. കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലിസ്റ്റ് ധനവകുപ്പ് അതാത് വകുപ്പ് മേധാവികള്‍ക്ക് കൈമാറിയിട്ടുള്ളത്. അനര്‍ഹരുടെ പട്ടികയില്‍ വ്യക്തിഗതമായ പരിശോധനയാണ് നടക്കുക. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഭിന്നശേഷിക്കാരാണ് പട്ടികയില്‍ കൂടുതലമുള്ളതെന്നാണ് വിവരം. സര്‍വ്വീസില്‍ പ്രവേശിച്ചിട്ടും സാമൂഹ്യക്ഷേമപെന്‍ഷന്‍ വേണ്ടെന്ന് എഴുതിക്കൊടുക്കാതെ ബോധപൂര്‍വ്വം പണം കൈപ്പറ്റുന്നവരുമുണ്ട്. മസ്റ്ററിംഗിലും ഇവരെ പിടിക്കാനാകാത്തതിന് കാരണം തദ്ദേശവകുപ്പ് ജീവനക്കാരുടെ പിന്തുണ കൂടിയുള്ളത് കൊണ്ടാണ്. 

അനര്‍ഹര്‍ പട്ടികയിലുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടും സര്‍ക്കാര്‍ വലിയ കാര്യമാക്കിയിരുന്നില്ല. പിന്നീട് പെന്‍ഷന് വന്‍ തുക വേണ്ടിവന്ന സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. ഐകെഎം പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് പിടിച്ചത്.