സംസ്ഥാനത്ത്  രജിസ്‌ട്രേഷനില്ലാത്ത കുഴൽകിണർ നിർമ്മാണ യൂണിറ്റുകൾക്കെതിരെ കർശന നടപടി

സംസ്ഥാനത്ത് അശാസ്ത്രീയവും അനിയന്ത്രിതവുമായ കുഴൽകിണർ നിർമ്മാണം തടയുന്നതിന്റെയും അപകടങ്ങൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായി രജിസ്‌ട്രേഷനില്ലാത്ത കുഴൽകിണർ നിർമ്മാണ ഏജൻസികൾക്കും റിഗ്ഗുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭൂജല വകുപ്പ്.

 

പത്തനംതിട്ട :  സംസ്ഥാനത്ത് അശാസ്ത്രീയവും അനിയന്ത്രിതവുമായ കുഴൽകിണർ നിർമ്മാണം തടയുന്നതിന്റെയും അപകടങ്ങൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായി രജിസ്‌ട്രേഷനില്ലാത്ത കുഴൽകിണർ നിർമ്മാണ ഏജൻസികൾക്കും റിഗ്ഗുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭൂജല വകുപ്പ്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ കുഴൽകിണർ നിർമ്മാണ ഏജൻസികളും യൂണിറ്റുകളും ഗ്രൗണ്ട് വാട്ടർ അതോറിറ്റിക്ക് കീഴിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

നിലവിൽ രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ചതും എന്നാൽ യഥാസമയം പുതുക്കാത്തതുമായ ഏജൻസികൾക്ക് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം നൽകിയിട്ടുണ്ട്. സാധുവായ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റില്ലാത്ത നിർമ്മാണ യൂണിറ്റുകൾ ഉപയോഗിച്ച് കുഴൽകിണർ, ട്യൂബ് വെൽ, ഫിൽട്ടർ പോയിന്റ് വെൽ എന്നിവ നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും യന്ത്രസാമഗ്രികൾ (റിഗ്ഗുകൾ) കണ്ടുകെട്ടുന്നതും ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. കുഴൽകിണർ നിർമ്മാണ ഏജൻസിയും മെഷിനറികളും രജിസ്റ്റർ ചെയ്യുന്നതിനുള്ള വിവരങ്ങൾക്ക് പത്തനംതിട്ട സന്തോഷ് ജംഗ്ഷനിലുള്ള ഭൂജലവകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

പൊതുജനങ്ങൾ കുഴൽകിണർ, ട്യൂബ് വെൽ, ഫിൽട്ടർ പോയിന്റ് വെൽ എന്നിവ നിർമ്മിക്കുന്നതിന് ഭൂജല വകുപ്പിൽ നിന്ന് ഫീസിബിലിറ്റി സർട്ടിഫിക്കറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നുള്ള അനുമതിയും വാങ്ങേണ്ടതും കരാറുകാരന് (ഏജൻസിക്ക്) ഭൂജല അതോറിറ്റിയുടെ സാധുവായ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. രജിസ്‌ട്രേഷനില്ലാത്ത ഏജൻസികളെക്കൊണ്ട് നിർമ്മാണ 
പ്രവർത്തനങ്ങൾ നടത്തിയാൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്ന് ഭൂജല വകുപ്പ് അറിയിച്ചു. ഫോൺ: 0468 2224887.