ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവം; മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായ പ്രതി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐപിഎല്ലില്‍ ഇഷ്ട ടീം തോറ്റ വിഷമം തീര്‍ക്കാനാണ് താന്‍ ട്രെയിനിനുനേരെ കല്ലെറിഞ്ഞത് എന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. കല്ലേറില്‍ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക് (22) ന് ഗുരുതരമായി പരിക്കേറ്റിരുന്നു.

 

കോഴിക്കോട്: ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായ പ്രതി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐപിഎല്ലില്‍ ഇഷ്ട ടീം തോറ്റ വിഷമം തീര്‍ക്കാനാണ് താന്‍ ട്രെയിനിനുനേരെ കല്ലെറിഞ്ഞത് എന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. കല്ലേറില്‍ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക് (22) ന് ഗുരുതരമായി പരിക്കേറ്റിരുന്നു.

മഹേന്ദ്രസിങ് ധോനിയുടെ കടുത്ത ആരാധകനായ കൃഷ്ണകുമാര്‍, ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തോറ്റതോടെ വിട്ടീല്‍നിന്ന് വഴക്കുണ്ടാക്കി പുറത്തിറങ്ങി. തുടര്‍ന്ന് റെയില്‍പാളത്തിന് അരികിലേക്ക് എത്തിയ ഇയാള്‍ കല്ലെടുത്ത് ട്രെയിനിന് നേരെ എറിയുകയായിരുന്നുവെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ പത്ത് മാസം ജയില്‍വാസം കഴിഞ്ഞെത്തിയ ആളാണ് കൃഷ്ണകുമാര്‍.

സംഭവസമയവും ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആലുവയിലെ ഹോസ്റ്റലില്‍ നിന്നും ട്രെയിനില്‍ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക് കല്ലേറില്‍ പരിക്കേറ്റു. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു സംഭവം. കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടമാവുകയും ചുണ്ടിനു മുറിവേല്‍ക്കുകയും ചെയ്തു.