സ്വര്‍ണം കട്ടവര്‍ക്കും പ്രളയം സൃഷ്ടിച്ചവര്‍ക്കും ജനകീയ കോടതി ശിക്ഷ വിധിക്കുന്ന ദിവസം: കെ.സി.വേണുഗോപാല്‍ എംപി

അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കും നാട്ടില്‍ പ്രളയമുണ്ടാക്കി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയവര്‍ക്കും ജനകീയ കോടതി ശിക്ഷവിധിക്കുന്ന ദിവസമാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

ആലപ്പുഴ: അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കും നാട്ടില്‍ പ്രളയമുണ്ടാക്കി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയവര്‍ക്കും ജനകീയ കോടതി ശിക്ഷവിധിക്കുന്ന ദിവസമാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചവരെ നീതിന്യായ കോടതിയിലും അന്വേഷണത്തിലും രക്ഷപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി. പക്ഷേ ജനങ്ങളുടെ കോടതി അവരെ വെറുതെ വിടില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും.തോട്ടപ്പിള്ളി സ്പില്‍വേ അടച്ചിട്ട് 2018ലെ പ്രളയം മനപ്പൂര്‍വം സൃഷ്ടിക്കുകയായിരുന്നുവെന്ന് തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ മറുപടി പറയാത്തത് എന്തു കൊണ്ടാണ്? മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദം എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നാണല്ലോ അവര്‍ ആദ്യം പറഞ്ഞത്. അങ്ങനെയാണെങ്കില്‍ വ്യാജശബ്ദരേഖ ഉണ്ടാക്കിയവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണ്?  400ല്‍ അധികം ആളുകളുടെ ജീവനെടുക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത മഹാപ്രളയം ഒരു പ്രശ്‌നമല്ലെന്നാണോ പിണറായി പറയുന്നത്? ഇന്ന് വോട്ട് രേഖപ്പെടുത്തുമ്പോള്‍ കേരള  ജനത അതും ആലോചിക്കും.

പിണറായി സര്‍ക്കാരിനെ 10 വര്‍ഷം സഹിച്ച ജനങ്ങള്‍ ഇനി 5 വര്‍ഷം കൂടി സഹിക്കാന്‍ തയ്യാറാവണമെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ഇനി ഒരു ദിവസം പോലും  ഈ ദുര്‍ഭരണം സഹിക്കാന്‍ തയ്യാറല്ലെന്ന് കേരള ജനത തീരുമാനിച്ചു കഴിഞ്ഞു. സംസ്ഥാനമെങ്ങും യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നതില്‍ സംശയമില്ല.

പാലക്കാട് ബിജെപി സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയത് പകല്‍വെളിച്ചം പോലെ തെളിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മിണ്ടുന്നില്ല. ഇതേ സ്ഥാനാര്‍ഥി നേരത്തേ ആലപ്പുഴയില്‍ മത്സരിച്ചപ്പോളും ഇത്തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടിന് പണം എന്ന ഉത്തരേന്ത്യയിലെ രീതി കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ മനസ്സ് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട ബിജെപി ഇപ്പോള്‍ കേരളത്തെ പണം കൊടുത്ത് വിലയ്ക്കു വാങ്ങാമെന്ന് വ്യാമോഹിക്കുകയാണ്. ആ വ്യാമോഹത്തിനു കേരള ജനത നല്‍കുന്ന കനത്ത പ്രഹരം കൂടിയായിരിക്കും ഈ  തിരഞ്ഞെടുപ്പ്.  കേരളം നിങ്ങള്‍ക്കു ചേരുന്ന ചേരുവയുള്ള സംസ്ഥാനമല്ല മക്കളേ എന്നാണ് ബിജെപിക്കാരോട് പറയാനുള്ളത്. കേരളം വിലയ്ക്കു വാങ്ങാന്‍ നിങ്ങള്‍ക്കു പറ്റില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.