ലഹരിക്കെതിരെ വിപുലമായ ക്യാമ്പെയിന്‍ ആരംഭിക്കും; സംസ്ഥാന യുവജന കമ്മീഷന്‍
കാസർകോട് : ലഹരിക്കെതിരായി സംസ്ഥാന യുവജന കമ്മീഷന്‍ വിപുലമായ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ എം.ഷാജര്‍ പറഞ്ഞു. യുവജന കമ്മീഷന്‍ നടത്തിയ ജില്ലാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ പ്രധാന കോളേജ് ക്യാമ്പസ്സുകള്‍ കേന്ദ്രീകരിച്ച് ലഹരി ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
പ്രാദേശികതലത്തില്‍ ക്ലബ്ബുകളെയും മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങളെയും വായനശാലകളെയും ക്യാമ്പയിനില്‍ പങ്കാളികളാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഓരോ യുവാക്കളും ലഹരിക്കെതിരെ സോഷ്യല്‍ മീഡിയയിലോ മറ്റ് ഇടങ്ങളിലോ ഒരു പ്രതികരണമെങ്കിലും നടത്തുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ജനശ്രദ്ധ എത്താത്ത ഇടങ്ങള്‍ ലഹരി മാഫിയ സംഘങ്ങള്‍ താവളമാക്കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ യുവജനകമ്മീഷന്റെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി ഇത്തരം കേന്ദ്രങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും. ഇതിനായി യുവജന വിദ്യാര്‍ഥി സംഘടനകളുടെയും സഹായം തേടും. സംസ്ഥാനത്തെ 14 ജില്ലകളിലും യുവജന വിദ്യാര്‍ഥി സംഘടനാ നേതാക്കൾ, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, സന്നദ്ധ സംഘടന അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ലഹരിക്കെതിരെ ജാഗ്രതാ സഭ രൂപീകരിക്കും . ജാഗ്രതാസഭകളുടെ സഹായത്തോടെയായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനം.
യുവാക്കളുടെ മാനസികാരോഗ്യമാണ് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും യുവാക്കളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുകയെന്നത് കമ്മീഷന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും എം ഷാജര്‍ പറഞ്ഞു.സംസ്ഥാനത്തെ ആത്മഹത്യകള്‍ സംബന്ധിച്ച് കമ്മീഷന്‍ വിശദമായ പഠനം നടത്തും. എംഎസ്ഡബ്ല്യൂ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി കേരളത്തിലെ 140 പൊലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന ആത്മഹത്യകളെ കുറിച്ച് പഠിക്കും. തൊഴില്‍ മേഖലയിലെ താല്കാലിക ജോലിക്കാര്‍ (വീക്ക് വര്‍ക്കേഴ്‌സ്) നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കും. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തതും തൊഴില്‍ ലഭിച്ചതും യുവജന കമ്മീഷന്റെ തൊഴില്‍ മേളകളിലായിരുന്നു. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇത്തവണ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. യുവാക്കളായ കര്‍ഷകരെ പങ്കെടുപ്പിച്ച് യുവകര്‍ഷക സംഗമം സംഘടിപ്പിക്കും. കാര്‍ഷിക മേഖലയില്‍ യുവജന ക്ലബ്ബുകളും കോളേജുകളും കേന്ദ്രീകരിച്ച് ഗ്രീന്‍ സോണ്‍ പദ്ധതിക്ക് തുടക്കമിടും. അതോടൊപ്പം ദേശീയ സെമിനാറുകളും ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.