സംസ്ഥാന സ്കൂൾ കായികമേള: ട്രാക്ക് ആൻഡ് ഫീൽഡിൽ പാലക്കാടൻ കുതിപ്പ്
സംസ്ഥാന സ്കൂൾ കായികമേളയിലെ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടിന്റെ മുന്നേറ്റം. രാവിലെ നടന്ന 3000 മീറ്റർ മത്സരങ്ങളിൽ മൂന്ന് സ്വർണമാണ് പാലക്കാട് സ്വന്തമാക്കിയത്. അതേസമയം, 3000 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം സ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഫഹദും, സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡിന്റെ സോനയും സ്വർണം കരസ്ഥമാക്കി.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടിന്റെ മുന്നേറ്റം. രാവിലെ നടന്ന 3000 മീറ്റർ മത്സരങ്ങളിൽ മൂന്ന് സ്വർണമാണ് പാലക്കാട് സ്വന്തമാക്കിയത്. അതേസമയം, 3000 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം സ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഫഹദും, സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡിന്റെ സോനയും സ്വർണം കരസ്ഥമാക്കി. 400 മീറ്റർ ഓട്ടത്തിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. നിലവിൽ 3 സ്വർണവും 2 വെള്ളിയും 2 വെങ്കലവുമടക്കം 23 പോയിന്റോടെ പാലക്കാടാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 18 പോയിന്റുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്.
അതിനിടെ, കായികമേളയിൽ പങ്കെടുക്കാനെത്തിയ താരങ്ങളുടെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി ഉയർന്നു. പ്രഭാതഭക്ഷണമായി നൽകിയ പുട്ടും പഴത്തിനുമൊപ്പമാണ് പുഴുവിനെയും ലഭിച്ചതെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. ഇന്നലെ ഭക്ഷണം നൽകാതെ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾപ്പെടെ പട്ടിണിക്കിട്ടതായും സംഘാടകർക്കെതിരെ ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തിൽ രക്ഷിതാക്കൾ പരാതിക്കൊപ്പം പുഴുവിനെയും സംഘാടകർക്ക് കൈമാറി.