സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
21/05/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
24/05/2026 : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ
25/05/2026 : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്:
മലയോര മേഖലകൾ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ രാത്രികാലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണം. ആവശ്യമെങ്കിൽ മാറിത്താമസിക്കാൻ മടിക്കരുത്.
തീരദേശവാസികൾ: തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ കൃത്യമായി പാലിക്കുക.
താഴ്ന്ന പ്രദേശങ്ങൾ: നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. ഓടകളുടെയും തോടുകളുടെയും സമീപത്ത് കൂടെയുള്ള യാത്രകൾ ഒഴിവാക്കുക.
യാത്രകൾ: ശക്തമായ മഴയുള്ള സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.