മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തി സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷൂറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി വർധിപ്പിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷൂറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി വർധിപ്പിച്ചു. ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ചന്ദ്രശേഖർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ധനസഹായം വർധിപ്പിച്ചത്.

മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷൂറൻസ് പരിരക്ഷ പത്തു ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി വർധിപ്പിക്കാനാണ് ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത്. ഇത് സംബന്ധിച്ച് ഫിഷറീസ് ഡയറക്ടർ സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് നിലവിലെ വർധനവ്.മത്സ്യമേഖലയുടെ പുരോഗതിക്കായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ പറഞ്ഞു.