ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍;ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ

ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി

 

ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയായിരിക്കും.

തിരുവനന്തപുരം: തലസ്ഥാനത്ത്  നിന്ന് കാസര്‍കോട് വരെ അതിവേഗം യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി.  ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയായിരിക്കും. അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രവുമായി ആശയിവിനിമയം നടത്തുക ഗതാഗതവകുപ്പ് ആയിരിക്കും. ഇതിനായി ഗതാഗതവകുപ്പിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായാണ് ഗതാഗത വകുപ്പ് ആശയവിനിമയം നടത്തുക.

1,92,780 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോ മീറ്റര്‍ പദ്ധതി 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ആദ്യഘട്ടമായ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ പൂര്‍ത്തിയായാല്‍ മറ്റു മൂന്ന് ഘട്ടങ്ങളിലായി കാസര്‍കോട് വരെ റെയില്‍പാത നീട്ടാനാണ് പദ്ധതി. തുടര്‍ന്ന് മംഗലാപുരം വരെയും തെക്ക് കന്യാകുമാരി വരെയും നീട്ടാനും ആലോചനയുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമായതിനാല്‍ ഈ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതി നീട്ടുന്നതിന്റെ സാധ്യത കൂടി പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.