എയിംസിൽ സംസ്ഥാന സർക്കാരും കോഴിക്കോടിനെ അവഗണിച്ചു; മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ച് പി.എ. മുഹമ്മദ് റിയാസ്

എയിംസ് (AIIMS) വിഷയത്തിൽ കേന്ദ്രത്തിനൊപ്പം സംസ്ഥാന സർക്കാരും കോഴിക്കോടിനെ അവഗണിക്കുകയാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. മുൻ എൽഡിഎഫ് സർക്കാർ പദ്ധതിക്കായുള്ള ആദ്യഘട്ട സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയിട്ടും, നിലവിലെ സർക്കാർ വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലയിലെ എല്ലാ എംഎൽഎമാരും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നതായും, എയിംസ് പദ്ധതി നഷ്ടമായാൽ ഒന്നാം പ്രതി കേന്ദ്ര സർക്കാരും രണ്ടാം പ്രതി സംസ്ഥാന സർക്കാരുമായിരിക്കുമെന്നും മുഹമ്മദ് റിയാസ് തുറന്നടിച്ചു.

 

കോഴിക്കോട്: എയിംസ് (AIIMS) വിഷയത്തിൽ കേന്ദ്രത്തിനൊപ്പം സംസ്ഥാന സർക്കാരും കോഴിക്കോടിനെ അവഗണിക്കുകയാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. മുൻ എൽഡിഎഫ് സർക്കാർ പദ്ധതിക്കായുള്ള ആദ്യഘട്ട സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയിട്ടും, നിലവിലെ സർക്കാർ വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലയിലെ എല്ലാ എംഎൽഎമാരും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നതായും, എയിംസ് പദ്ധതി നഷ്ടമായാൽ ഒന്നാം പ്രതി കേന്ദ്ര സർക്കാരും രണ്ടാം പ്രതി സംസ്ഥാന സർക്കാരുമായിരിക്കുമെന്നും മുഹമ്മദ് റിയാസ് തുറന്നടിച്ചു.

ജില്ലയിൽ പൊലീസ് പക്ഷപാതപരമായി രാഷ്ട്രീയ നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ വലിയ മുന്നേറ്റമാണ് നടത്തിയത്. ഇതോടെ എസ്എഫ്ഐ വിദ്യാർത്ഥികളെ അടിച്ചൊതുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എസ്എഫ്ഐയെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് യുഡിഎഫ് സർക്കാർ നടത്തുന്നത്.

കെഎസ്‌യുവിനും എംഎസ്എഫിനും വേണ്ടിയാണ് പൊലീസ് നിലവിൽ പ്രവർത്തിക്കുന്നതെന്ന് റിയാസ് വിമർശിച്ചു. വെസ്റ്റ്ഹിൽ പോളിടെക്നിക്കിലെ നോമിനേഷൻ നടപടികളിൽ പൊലീസ് അനാവശ്യമായി ഇടപെട്ടെന്നും, മാളിക്കടവ് ഗവ. ഐടിഐയിൽ പുറത്തുനിന്നെത്തിയവർ വിദ്യാർത്ഥികളെ മർദ്ദിച്ചപ്പോൾ മർദ്ദനമേറ്റവരെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപോലെ കേസെടുത്തിട്ടും എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ മാത്രം കയറി പൊലീസ് ഭീതി പരത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തെയും മുഹമ്മദ് റിയാസ് രൂക്ഷമായി വിമർശിച്ചു. 'ചോരയ്ക്ക് ചോര' എന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും, അക്രമത്തെ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും, അതിന് ആഭ്യന്തര മന്ത്രി തന്നെ നേതൃത്വം നൽകണമെന്നും റിയാസ് ആവശ്യപ്പെട്ടു.