തദ്ദേശ തെരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോക്കോൾ പാലനത്തിൽ കേരളം ദേശീയ ശ്രദ്ധ നേടി: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനം ദേശീയശ്രദ്ധ നേടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു. ആന്ധ്രപ്രദേശ് ഉൾപ്പെടെ പല സംസ്ഥാനങ്ങളും അവിടത്തെ തെരഞ്ഞെടുപ്പിൽ ഇത് പകർത്താൻ മുന്നോട്ടുവരുന്നുണ്ട്.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനം ദേശീയശ്രദ്ധ നേടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു. ആന്ധ്രപ്രദേശ് ഉൾപ്പെടെ പല സംസ്ഥാനങ്ങളും അവിടത്തെ തെരഞ്ഞെടുപ്പിൽ ഇത് പകർത്താൻ മുന്നോട്ടുവരുന്നുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പിലെ ഹരിതചട്ടപാലനം മികച്ച രീതിയിൽ നടപ്പിലാക്കിയ ജില്ലാ ശുചിത്വ മിഷനുകൾക്കുള്ള അവാർഡുകൾ തിരുവനന്തപുരത്ത് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പൂർണ്ണ ഹരിത തെരഞ്ഞെടുപ്പെന്ന ആശയത്തിലൂന്നി സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് കമ്മീഷനും, ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി പേപ്പർ പാഴാക്കുന്നത് പരമാവധി കുറച്ചും ബോർഡുകൾക്ക് പിവിസി ഫ്‌ലക്‌സ് ഒഴിവാക്കിയും ഡിജിറ്റൽ പ്രചരണമാർഗ്ഗങ്ങളെ കൂടുതലായി ആശ്രയിച്ചും പാർട്ടികളും, സ്ഥാനാർത്ഥികളും സഹകരിച്ചു. ബൂത്തുകളിൽ സജീവമായുണ്ടായിരുന്ന ഹരിത കർമ്മസേനാംഗങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ച് വോട്ട് ചെയ്ത ശേഷമുള്ള സ്ലിപ്പ് പോലും ബിന്നുകളിൽ നിക്ഷേപിച്ച് വോട്ടർമാരും സഹകരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ സംസ്ഥാനത്തുടനീളമുള്ള പോളിംഗ് ബൂത്തുകളും, സ്റ്റേഷനുകളും ശുചീകരിക്കപ്പെട്ടു. രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് ശേഷം ഉപേക്ഷിച്ചു പോകുന്ന പ്രചരണവസ്തുക്കളുടെ തോതും മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു. വരുന്ന പൊതുതെരഞ്ഞെടുപ്പിലും ഈ ട്രെന്റ് സംസ്ഥാനം തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മികച്ച പ്രവർത്തനത്തിനുള്ള ഒരു ലക്ഷം രൂപയുടെ  ഒന്നാം സ്ഥാനം  കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ നേടി.  തിരുവനന്തപുരം. കണ്ണൂർ ജില്ലാ ശുചിത്വ മിഷനുകൾക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. തൃശ്ശൂർ, വയനാട്, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകൾക്കും മാതൃകാപ്രവർത്തനത്തിന് അവാർഡ് ലഭിച്ചു. അവാർഡുകൾ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വിതരണം ചെയ്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ് അധ്യക്ഷത വഹിച്ചു.  ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ എച്ച്. ദിനേശൻ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എൺവയോൺമെന്റ് എൻജിനിയർ ബിൻസി പി.എസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി പ്രകാശ് വി.എസ് ശുചിത്വമിഷൻ സീനിയർ കൺസൽട്ടന്റ് പി. എസ്. രാജശേഖരൻ എന്നിവർ സംസാരിച്ചു.