ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് കിരീടത്തില്‍ കേരളമൊരു രത്നം: ശശി തരൂര്‍ എം പി
ഇന്ത്യയുടെ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് കിരീടത്തിലെ തിളങ്ങുന്ന രത്നമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു.
തിരുവനന്തപുരം: ഇന്ത്യയുടെ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് കിരീടത്തിലെ തിളങ്ങുന്ന രത്നമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. നൂതനാശയങ്ങള്‍, പുത്തന്‍ കണ്ടുപിടിത്തങ്ങള്‍, സുസ്ഥിരത, സമഗ്രത തുടങ്ങിയവയില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നതിലൂടെയാണ് അത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവായ ഹഡില്‍ ഗ്ലോബല്‍ 2024-ന്‍റെ സമാപനദിവസത്തിലെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനത്തിന്‍റെ നേട്ടങ്ങളെയും കെട്ടുറപ്പിനെയും ശശി തരൂര്‍ അഭിനന്ദിച്ചു. കേരളത്തില്‍ സംരംഭം ആരംഭിക്കാനും മൂലധനം ആകര്‍ഷിക്കാനും താല്പര്യമുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിഷ്കരണ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാനം തുടക്കമിടേണ്ടതുണ്ട്. നടപടിക്രമങ്ങളിലെ കാലതാമസം പൊളിച്ചെഴുതുന്നതിനൊപ്പം അവ ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യണമെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ പരിണാമത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യുവ സംരംഭകരുടെ സാമ്പത്തികവും സാമൂഹികവും സുസ്ഥിരവുമായ വളര്‍ച്ച പരിപോഷിപ്പിക്കപ്പെടുന്നു എന്നത് ഉറപ്പാക്കേണ്ടതും പ്രധാനവുമാണ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഭാവനാപരമായ ഒരു കുതിച്ചുചാട്ടം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ ദാതാക്കളുമായുള്ള ബന്ധം കണക്കിലെടുത്താല്‍ വലിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. സങ്കീര്‍ണവും പ്രശന സാധ്യതയുള്ളതുമായ ആശയങ്ങളെ പരിഹാരങ്ങളാക്കി മാറ്റുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ വിജയിച്ചിട്ടുണ്ട്. പുതുമയുള്ള ഇത്തരം പരിഹാരങ്ങളെ പുനരുപയോഗിക്കാനും പുനര്‍നിര്‍മ്മിക്കാനും സാധ്യമാണെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ തെളിയിച്ചിട്ടുണ്ട്.
തൊഴിലന്വേഷകരുടെ രാജ്യത്തില്‍ നിന്ന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റുന്നതിന് സംരംഭകത്വ മനോഭാവം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളുടെ സംരംഭകത്വ മനോഭാവത്തിന് മൂര്‍ച്ച കൂടുമ്പോള്‍ തന്നെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധര്‍, ഇന്നൊവേറ്റേഴ്സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവര്‍ ത്രിദിന സമ്മേളനത്തിന്‍റെ ഭാഗമാണ്. ഡീപ്ടെക്, ആര്‍ ആന്‍ഡ് ഡി സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ നിന്നുള്ള അത്യാധുനിക പരിഹാരങ്ങളാണ് സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണം.