സ്റ്റാർട്ടപ്പ് കോൺക്ലേവ്: കെഎഫ്‌സിയുടെ ബിസിനസ് 10,000 കോടി രൂപയാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ബാലഗോപാൽ

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി.) ബിസിനസ് 10,000 കോടി രൂപയാക്കലാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംരംഭകത്വത്തെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി.) ബിസിനസ് 10,000 കോടി രൂപയാക്കലാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംരംഭകത്വത്തെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്റ്റാർട്ടപ്പുകളുടെ സാങ്കേതികവും ബിസിനസ്പരവുമായ കാര്യങ്ങൾക്കപ്പുറം അവയുടെ ഇന്ധനമായ ധനലഭ്യതക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിന് മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനാണ് ഇത്തരത്തിൽ ഒരു കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതെന്നും കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുതിപ്പും ഊർജവും പകരുന്നതിനായി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണീ പ്രഥമ കോൺക്ലേവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണിന്ന് കെ എഫ് സി. ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള ഫിനാൻഷ്യൽ കോർപ്പറേഷനാണ് നമ്മുടേത്. കെ എഫ് സി യുടെ ധനസഹായത്തോടെ ഒട്ടേറെ സ്ഥാപനങ്ങൾ സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനകരമാണ്. ഇവയിൽ 700-800 കോടി ടേൺ ഓവറുള്ള വ്യവസായ സ്ഥാപനങ്ങൾ വരെയുണ്ട്.

കെ എഫ് സി യെ നിക്ഷേപക സൗഹൃദമാക്കാൻ ഒട്ടേറെ കാര്യങ്ങളാണ് സർക്കാർ ചെയ്തത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കെഎഫ്സി നൽകുന്ന വായ്പകളുടെ പലിശനിരക്ക് കുറക്കുകയും കെഎഫ്സിയുടെ മൂലധന നിക്ഷേപം 300 കോടിയിൽ നിന്ന് ഇരട്ടിയാക്കുകയും ചെയ്തു. കടത്തിന്റെ പരിധി വർധിപ്പിച്ചു. നിലവിൽ 7368 കോടി വായ്പ നൽകിയിട്ടുണ്ട്. ഫിനാൻഷ്യൽ കോർപ്പറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കി. കെഎഫ്സിയുള്ളതുകൊണ്ടാണ് സംരംഭം ആരംഭിക്കാൻ കഴിഞ്ഞതെന്ന് പറയുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ടിന്നിവിടെ. അവർക്ക് എളുപ്പത്തിൽ ധനലഭ്യത ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കുള്ള 5.6 ശതമാനം പലിശനിരക്കിൽ നൽകുന്ന വായ്പ രണ്ട് കോടിയിൽ നിന്ന് മൂന്ന് കോടിയാക്കാനും സ്ഥാപനങ്ങൾക്ക് നൽകുന്ന 10 കോടി രൂപയുടെ വായ്പ 15 കോടിയാക്കാനുമുള്ള ആവശ്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ തലമുറക്ക് അവരുടെ ആശയങ്ങൾ കേരളത്തിൽതന്നെ നടപ്പാക്കാനാവും വിധമുള്ള സ്റ്റാർപ്പ് എക്കോസിസ്റ്റം ഇന്ന് കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ  അധ്യക്ഷത വഹിച്ചു. സ്റ്റാർട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചർച്ച ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്ത പരിപാടിയിൽ സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്റ്റാർട്ടപ്പ് രംഗത്ത് മികവു തെളിയിച്ച കമ്പനികളുടെ ഉത്പന്നങ്ങൾ കോൺക്ലേവിൽ പ്രദർശിപ്പിച്ചു. മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്‌കാരദാനവും ഈ ധനകാര്യവർഷത്തെ കെ.എഫ്.സി.യുടെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഗ്രീൻ എനർജി സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ വിഭാഗത്തിൽ എറണാകുളത്തെ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡും സോഷ്യൽ ഇംപാക്ടർ വിഭാഗത്തിൽ ജെൻ റോബോട്ടിക് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡും എഡ്യുടെക് സ്റ്റാർട്ടപ് വിഭാഗത്തിൽ വിസികോം നർച്ചർ പ്രൈവറ്റ് ലിമിറ്റഡും എമർജിങ് സ്റ്റാർട്ടപ്പ് വിഭാഗത്തിൽ എറണാകുളത്തെ കഥ ഇൻഫോംകോം പ്രൈവറ്റ് ലിമിറ്റഡ്, പയോനൊമെഡ് ബിയോജെനിക്സ് തിരുവനന്തപുരം, ഫാബസ് ഫ്രെയിംസ് കാസർകോട്, ഇറോവ് ടെക്നോളജീസ് എറണാകുളം എന്നിവയും പുരസ്‌കാരം നേടി. 

സർക്കാരിനുള്ള ഈ വർഷത്തെ കെഎഫ്സിയുടെ ലാഭവിഹിതമായ 35.83 കോടി രൂപയുടെ ചെക്ക് ചടങ്ങിൽ വെച്ച് കെ.എഫ്.സി. ചെയർമാൻ സഞ്ജയ് കൗൾ മന്ത്രിക്ക് കൈമാറി.

കെ.എഫ്.സി. സ്റ്റാർട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 61 കമ്പനികൾക്കായി 78.52 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. ഈ വർഷം പുതിയതായി 100 സ്റ്റാർട്ടപ്പുകൾക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ഫിനാൻഷ്യൽ കോർപ്പറേഷന് പദ്ധതിയുണ്ട്.

കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനുപ് അംബിക, എസ്ബിഐ സിജിഎം എ ഭുവനേശ്വരി, ടിസിസിഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, ടിഐഇ കേരള എക്സി. ഡയറക്ടർ അരുൺ നായർ, സിഐഐ മുൻ ചെയർമാൻ എംആർ നാരായണൻ, കെഎസ്എസ്ഐഎ സംസ്ഥാനപ്രസിഡന്റ് എ നിസാറുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.എഫ്.സി. ചെയർമാൻ സഞ്ജയ് കൗൾ സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് ശേഷം നടന്ന ചർച്ചയിൽ വിവിധ സംരംഭകർ തങ്ങളുടെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെച്ചു.