ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു
ശ്രീനാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് (88) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.55ഓടെ വർക്കല നാരായണ ഗുരുകുലത്തിലായിരുന്നു അന്ത്യം.
തിരുവനന്തപുരം: ശ്രീനാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് (88) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.55ഓടെ വർക്കല നാരായണ ഗുരുകുലത്തിലായിരുന്നു അന്ത്യം.വൈകീട്ട് അഞ്ച് മണിക്ക് സമാധി ചടങ്ങുകള്‍ ആരംഭിക്കും. 2024ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.സ്വതന്ത്രകൃതികളും വ്യാഖ്യാനങ്ങളും പരിഭാഷകളും ഉള്‍പ്പെടെ 122 കൃതികള്‍ ഇംഗ്ലിഷിലും മലയാളത്തിലുമായി രചിച്ചിട്ടുണ്ട്
1938 ഡിസംബർ ഒമ്പതിന് തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലിനടുത്ത് നഗരൂരില്‍ സ്കൂള്‍ അധ്യാപകൻ ജി. മാധവന്റെയും നാരായണിയുടെയും മകനായി ജനിച്ചു. എം.എൻ പ്രസാദ് എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്.
1955ല്‍ നാരായണ ഗുരുകുലവും നടരാജഗുരുവുമായി ബന്ധപ്പെട്ടു. സ്കൂള്‍ പഠനത്തിനുശേഷം വക്കത്തുള്ള എംവിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങില്‍ പഠനം. തിരുവനന്തപുരം എൻജിനീയറിങ് കോളജില്‍ ഹ്രസ്വകാല പരിശീലനത്തിനുശേഷം 1958ല്‍ കൊല്ലം ഇറിഗേഷൻ സബ്ഡിവിഷൻ ഓഫീസില്‍ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു.
1970 ജനുവരി ഒന്നിന് നടരാജഗുരുവില്‍നിന്ന് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു. തുടർന്ന് നടരാജഗുരു അദ്ദേഹത്തെ നാരായണ ഗുരുകുല ശിഷ്യപരമ്പരയില്‍ ഉള്‍പ്പെടുത്തുകയും മുനി നാരായണ പ്രസാദ് എന്ന സന്ന്യാസനാമം നല്‍കുകയും ചെയ്തു. പിന്നാലെ ജോലി രാജിവച്ചു. 1970ല്‍ പയ്യന്നൂരിനടുത്ത് ഏഴിമലയില്‍ നടരാജഗുരു സംഘടിപ്പിച്ച ലോക സമാധാന സമ്മേളനത്തിന്റെ സംഘാടകനായിരുന്നു.1971ല്‍ ശാസ്താംകോട്ടയില്‍ നടന്ന ലോക സർവ്വമത സമ്മേളനത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു. നടരാജഗുരുവിന്റെ സമാധിസ്ഥലത്ത് ബ്രഹ്മവിദ്യാമന്ദിരം പണിതീർക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
1973 മുതല്‍ 1989 വരെ നാരായണ ഗുരുകുലത്തിന്റെ മുഖപത്രമായ ''ഗുരുകുലം'' ദാർശനിക മാസികയുടെ പത്രാധിപർ. 1985ല്‍ ഗുരു നിത്യചൈതന്യയതിയില്‍ നിന്നും സന്ന്യാസദീക്ഷ സ്വീകരിച്ചു. 1987 ഫെബ്രുവരിയില്‍ മോസ്കോയില്‍ നടന്ന ലോക മതനേതാക്കളുടെ വട്ടമേശസമ്മളനത്തില്‍ പങ്കെടുത്തു. 1999ല്‍ ഗുരു നിത്യചൈതന്യയതിയുടെ സമാധിക്കുശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി തുടരുകയായിരുന്നു.