സ്പോർട്സ് ഹബ്ബും അനിമൽ ആംബുലൻസും  സോളാർ നഗരവും   ; വികസനത്തിനായി കോടികളുടെ നീക്കിവെപ്പ് ,തളിപ്പറമ്പ നഗരസഭ ബജറ്റിൽ വൻ പദ്ധതികൾ

തളിപ്പറമ്പ് നഗരത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക്    പുത്തൻ ചിറകുകൾ നൽകിക്കൊണ്ട് സമഗ്ര വികസന ബജറ്റ് നഗരസഭ അവതരിപ്പിച്ചു. പശ്ചാത്തല സൗകര്യ വികസനത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കും വലിയ പ്രാധാന്യം നൽകുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ ദീപ സന്തോഷ് അവതരിപ്പിച്ചത്.

 

തളിപ്പറമ്പ : തളിപ്പറമ്പ് നഗരത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക്    പുത്തൻ ചിറകുകൾ നൽകിക്കൊണ്ട് സമഗ്ര വികസന ബജറ്റ് നഗരസഭ അവതരിപ്പിച്ചു. പശ്ചാത്തല സൗകര്യ വികസനത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കും വലിയ പ്രാധാന്യം നൽകുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ ദീപ സന്തോഷ് അവതരിപ്പിച്ചത്. ബസ് സ്റ്റാൻഡ് നവീകരണം മുതൽ ഇന്റർനാഷണൽ പ്രീ-സ്കൂളുകൾ വരെ നീളുന്ന വിപുലമായ പദ്ധതികളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിന്റെ ദീർഘകാല വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്ന ബജറ്റാണിതെന്ന വിലയിരുത്തലാണ് ഉയരുന്നത്.

കണ്ണൂർ ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ തളിപ്പറമ്പിന്റെ ഭാവി മുൻനിർത്തിയാണ് 2026-27 വർഷത്തെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. നഗരത്തിന്റെ ഏറ്റവും വലിയ ആവശ്യമായ ഗതാഗത സൗകര്യങ്ങൾ പരിഷ്കരിക്കാൻ ബജറ്റിൽ വൻ തുക നീക്കിവെച്ചു. നിലവിലെ ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരിക്കാൻ 2 കോടി രൂപയും, കാക്കത്തോട് ബസ് സ്റ്റാൻഡിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ 3 കോടി രൂപയുമാണ് വകയിരുത്തിയത്. ഇതുകൂടാതെ നഗരത്തിന്റെ ദീർഘകാല വികസനം ലക്ഷ്യമിട്ട് ഒരു പുതിയ ബസ് സ്റ്റാൻഡിനായുള്ള സാധ്യത പഠനവും ബജറ്റ് പ്രഖ്യാപിക്കുന്നു.


വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് 'മികവ് മിഷൻ' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി 5 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരമുള്ള പ്രീ-സ്കൂളുകൾ, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി 'സീറോ ബിലോ' പദ്ധതി, ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്ക് പോകുന്നവർക്കായി ഹെൽപ്പ് ഡെസ്ക് എന്നിവ ഇതിന്റെ ഭാഗമായി വരും.
ആരോഗ്യ മേഖലയിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ ഒരു ഹെൽത്ത് ഹബ്ബാക്കി മാറ്റാൻ 5 കോടി രൂപ അനുവദിച്ചു. 


ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി 30 ലക്ഷം രൂപയുടെ പ്രത്യേക സഹായവും, ഭിന്നശേഷിക്കാർക്കായി ഒരു കോടി രൂപ ചെലവിൽ മൾട്ടി ഡിസിപ്ലിനറി ട്രീറ്റ്മെന്റ് സെന്ററും സജ്ജമാക്കും. വയോജനങ്ങൾക്കായി 'സ്നേഹ ഇടം' എന്ന പേരിൽ ഒരു കോടി രൂപയുടെ സംഗമകേന്ദ്രവും ബജറ്റിലുണ്ട്.
മാലിന്യമുക്ത നഗരം എന്ന ലക്ഷ്യത്തോടെ പാലയാട് മാലിന്യ സംസ്കരണ പ്ലാന്റ് 3 കോടി രൂപ ചെലവിൽ നവീകരിക്കും. 

തെരുവ് നായ ശല്യം പരിഹരിക്കാൻ 'അനിമൽ ആംബുലൻസ്' പദ്ധതിയും 3 കോടി രൂപ വകയിരുത്തി നടപ്പിലാക്കും. നഗരം പൂർണ്ണമായും സോളാർ ലൈറ്റുകൾ കൊണ്ട് പ്രകാശിപ്പിക്കാൻ ഒരു കോടി രൂപയും ബജറ്റ് അനുവദിച്ചു.
കായിക പ്രേമികൾക്കായി ഗാന്ധിനഗറിൽ ഒരു കോടി രൂപയുടെ സ്പോർട്സ് ഹബ്ബും, കലാകാരന്മാർക്കായി ഒരു കോടി രൂപയുടെ ആർട്ട് ആൻഡ് ലിറ്ററേച്ചർ പവലിയനും ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ്. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണയ്ക്കായി നഗരസഭാ കോമ്പൗണ്ടിൽ നിർമ്മിക്കുന്ന സി.എച്ച് കോംപ്ലക്സിന് 10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.


65, 28,99566 രൂപ വരവും 406197000 ചെലവും 246702566 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം വികസനത്തിന്റെ പുതിയ പാതയിലേക്ക് തളിപ്പറമ്പിനെ നയിക്കാനുള്ള ശ്രമത്തിലാണ് നഗരസഭ ഭരണസമിതി.