ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് 60 ലക്ഷം രൂപ പ്രത്യേക ധനസഹായം
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി 60 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു.
Nov 26, 2026, 11:57 IST
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി 60 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു.
പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും വിദൂരതയും ജീവനക്കാർ നേരിടുന്ന പ്രയാസങ്ങളും കണക്കിലെടുത്താണ് സഹായം അനുവദിച്ചത്.
പഞ്ചായത്തിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടു പോകാനും അവശ്യസേവനങ്ങൾ മുടക്കമില്ലാതെ ഉറപ്പാക്കാനും ഈ സഹായം ഉപകരിക്കും. വിദൂര ഗോത്രമേഖലകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.