സ്പീക്ക് അപ്; ഗാർഹിക പീഡന സംഭവങ്ങളിൽ അതിജീവിതയുടെ അടുത്ത് പോലീസ് എത്തും : മന്ത്രി രമേശ് ചെന്നിത്തല
വർധിച്ചുവരുന്ന ഗാർഹിക പീഡനം തടയാൻ 'സ്പീക്ക് അപ്' പദ്ധതിയുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. ഇനി ഗാർഹിക പീഡന സംഭവങ്ങളിലെ അതിജീവിത പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടേണ്ടെന്നും വനിത പോലീസ് ഔദ്യോഗിക വേഷത്തിലല്ലാതെ അതിജീവിതയുടെ അടുത്തെത്തുമെന്നും പദ്ധതി വിശദീകരിച്ചു ആഭ്യന്തര,
ആലപ്പുഴ : വർധിച്ചുവരുന്ന ഗാർഹിക പീഡനം തടയാൻ 'സ്പീക്ക് അപ്' പദ്ധതിയുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. ഇനി ഗാർഹിക പീഡന സംഭവങ്ങളിലെ അതിജീവിത പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടേണ്ടെന്നും വനിത പോലീസ് ഔദ്യോഗിക വേഷത്തിലല്ലാതെ അതിജീവിതയുടെ അടുത്തെത്തുമെന്നും പദ്ധതി വിശദീകരിച്ചു ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുതായി നിർമിച്ച 11 ലോവർ സബോർഡിനേറ്റ് പോലീസ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലത്തും തൃപ്പുണിത്തറയിലും വ്യത്യസ്ത കേസുകളിലായി രണ്ട് പെൺകുട്ടികൾ നേരിട്ട ഗാർഹിക പീഡനമാണ് സ്പീക്ക് അപ് പദ്ധതി തുടങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. "സ്ത്രീ സംസാരിക്കും, പോലീസ് കേൾക്കും. സഹനം മതി, സ്പീക്ക് അപ്" എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. ഐ ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസേനയ്ക്കാണ് പദ്ധതിയുടെ ചാർജ്.
പദ്ധതിയിൽ വരുന്ന ഓരോ കേസും പ്രത്യേകമായി അന്വേഷിക്കും. വാട്സ്അപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗം ഉപയോഗിച്ച് പോലീസിനെ വിവരമറിയിക്കാം. പരാതി വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നൽകി. പദ്ധതിയ്ക്ക് കീഴിൽ അതിജീവിതമാർക്ക് കൗൺസിലിംഗ്, സുരക്ഷിതമായ താമസം, ഉപജീവന സഹായം, നിയമസഹായം എന്നിവ ലഭ്യമാക്കും.
സംസ്ഥാനത്ത് പോലീസിലെ വനിതാ പ്രതിനിധ്യം വർധിപ്പിക്കേണ്ടതുണ്ട്. കേരളത്തിൽ 64 സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ മാരായി വനിതകളെ നിയമിച്ചത് മികച്ച മാറ്റമുണ്ടാക്കി. ലഹരി കേസിലെ പ്രതിയെ ഗ്വാളിയോർ വരെ പിന്തുടർന്നു അറസ്റ്റ് ചെയ്ത വനിത എസ്.എച്ച്.ഒ നമുക്കുണ്ട്.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് 350 പുതിയ ജീപ്പുകൾ വാങ്ങുമെന്നും രണ്ട് മാസത്തിനുള്ളിൽ പുതിയ വാഹനങ്ങൾ എത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ചേർത്തല പോലീസ് ക്വാർട്ടേഴ്സിൽ പാർക്ക്, ജിം തുടങ്ങിയവ തുടങ്ങാൻ സാധിക്കുമോ എന്ന് പരിശോധിച്ചു തുടർനടപടി സ്വീകരിക്കും. അരൂരിൽ സ്ഥലം ലഭ്യമാക്കിയാൽ പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം പണിയും.
കേരളത്തിലെ ഓരോ കുടുംബത്തിലും ഓപ്പറേഷൻ തൂഫാൻ എന്ന മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള പദ്ധതി വലിയ പ്രതീക്ഷയാണ് ഉളവാക്കിയതെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പരിപാടിയിൽ ക്വാർട്ടേസിന്റെ ആദ്യ താക്കോൽദാനം ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു.
പി പ്രസാദ് എംഎൽഎ അധ്യക്ഷനായി. പത്തനംതിട്ട ജില്ലയിൽ ദളിത് യുവാവിന്റെ ജനനേന്ദ്രിയം തകർത്ത സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ട പോലീസുകാരെ സസ്പെന്റ് ചെയ്ത ആഭ്യന്തര മന്ത്രിയുടെ നടപടിയെ എംഎൽഎ അഭിനന്ദിച്ചു.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി. ചേർത്തല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എസ് സോബിൻ, വൈസ് ചെയർപേഴ്സൺ എൻ എൽ വത്സലകുമാരി, വാർഡ് കൗൺസിലർ ഡി ജ്യോതിഷ്, ഡി.ഐ.ജി യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, ചേർത്തല ഡിവൈഎസ്പി മഞ്ജുലാൽ തുടങ്ങിയവർ സംസാരിച്ചു.