തിരക്കുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് ബാലപീഡനം ; ഡോ. സൗമ്യ സരിൻ
കോഴിക്കോട്: മതവും വിശ്വാസവുമൊക്കെ നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണെങ്കിലും, അത് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന രീതിയിൽ അന്ധമാകരുത് എന്ന് ഡോ. സൗമ്യ സരിൻ അഭിപ്രായപ്പെട്ടു.
ശബരിമലയിൽ തിരക്ക് നിയന്ത്രണാതീതമായി തുടരുമ്പോൾ ആറുമാസം പ്രായമായ കൈക്കുഞ്ഞുമായി ദർശനത്തിനെത്തിയ സംഭവത്തിൽ പ്രതികരിച്ചുകൊണ്ടാണ് ഡോ. സൗമ്യ സരിൻ സമൂഹമാധ്യമങ്ങളിലൂടെ ഈ വിമർശനം ഉന്നയിച്ചത്. ഇത്രയധികം ആളുകൾ വരുന്ന ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളുമായി പോകുന്നത് ഭക്തിയല്ല, ശുദ്ധ മണ്ടത്തരവും തെമ്മാടിത്തരവുമാണ് എന്നാണ് അവർ തുറന്നടിച്ചത്.
ബാലപീഡനം തന്നെ!
ഏത് മതത്തിൻ്റെ ആരാധന കേന്ദ്രങ്ങളിലായാലും സ്ഥിതി ഇതുതന്നെയാണ്. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നത് നമ്മൾ കാണുന്നതാണ്. നമ്മൾ നിസ്സഹായരായി പോകുന്ന തിരക്കുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇത്രയും ചെറിയ കുഞ്ഞുങ്ങളുമായി പോകുന്നതിനെ ഭക്തിയെന്നല്ല വിളിക്കേണ്ടെതെന്ന് ഡോ. സൗമ്യ പറയുന്നു.
പല മതവിശ്വാസങ്ങളിലും ആചാരങ്ങളുടെ പേരിൽ കുഞ്ഞുങ്ങളെ വേദനിപ്പിക്കാറുണ്ട്. കുട്ടികളെ ശൂലം കുത്തുക, ഗരുഡൻ തൂക്കുക തുടങ്ങിയവ ഇതിനുദാഹരണമായി അവർ ചൂണ്ടിക്കാട്ടി. ഇങ്ങനെ ശാരീരികമായി വേദന നൽകുന്നതിനെ ആചാരമെന്നല്ല, ബാലപീഡനം എന്ന് തന്നെ പറയണമെന്നും സൗമ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.