കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മായിയമ്മയെ മരുമകന്‍ കുത്തിക്കൊന്നു

മൂന്നുവര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയും ജോജിയും തമ്മിലുള്ള പ്രണയവിവാഹം.

 

ജോജിയുടെ ഉപദ്രവത്തെത്തുടര്‍ന്ന് രണ്ടുമാസം മുന്‍പ് അര്‍ച്ചന സ്വന്തം വീട്ടിലേക്ക് വരികയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

കുടുംബവഴക്കിനെത്തുടര്‍ന്ന് അമ്മായിയമ്മയെ മരുമകന്‍ കുത്തിക്കൊന്നു. നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറയംകുളം ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ജയകുമാരിയുടെ ഇളയ മകള്‍ അര്‍ച്ചനയുടെ ഭര്‍ത്താവ് ആലപ്പുഴ പഴവീട് എട്ടില്‍ചിറ വീട്ടില്‍ ജോജി ജോസഫ് (30) ആണ് പ്രതി. കൃത്യം നടത്തിയ ശേഷം ഒളിവില്‌പോയ പ്രതിയെ ഉച്ചയ്ക്ക് രണ്ടരയോടെ ചേര്‍ത്തല എസ് എന്‍ കോളജിന് സമീപത്തുവെച്ച് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നുവര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയും ജോജിയും തമ്മിലുള്ള പ്രണയവിവാഹം. ദമ്പതികള്‍ക്കൊരു കുഞ്ഞുണ്ട്. ജോജിയുടെ ഉപദ്രവത്തെത്തുടര്‍ന്ന് രണ്ടുമാസം മുന്‍പ് അര്‍ച്ചന സ്വന്തം വീട്ടിലേക്ക് വരികയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്ന് ഒത്തുതീര്‍പ്പിലെത്തി മടങ്ങിയെങ്കിലും ഉപദ്രവം തുടര്‍ന്നതോടെ കഴിഞ്ഞ 19ന് കുഞ്ഞുമായി വീണ്ടും സ്വന്തം വീട്ടിലെത്തി നൂറനാട് പോലീസില്‍ പരാതി നല്‍കി.

ജോജി ഭാര്യാപിതാവ് ജയകുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിലും പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് ജോജിയെ താക്കീത് ചെയ്യുകയും ഞായറാഴ്ച കുഞ്ഞിനെ കാണാന്‍ അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അര്‍ച്ചനയെ തന്നോടൊപ്പം വിടാത്തതും കുഞ്ഞിനെ കാണിക്കാത്തതും ജയകുമാരിയുടെ പ്രേരണയിലാണെന്ന വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. പോലീസില്‍ നല്‍കിയ പരാതികളില്‍ വേണ്ട രീതിയില്‍ പരിഹാരമുണ്ടാക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.