അഭിഭാഷകനായ മകന്‍ അച്ഛനെ വെട്ടികൊന്നത് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും കിട്ടാന്‍ ; ചികിത്സയിലുള്ള അമ്മയുടെ മൊഴി
മകന്റെ ആക്രമണം കസേര കൊണ്ട് പ്രതിരോധിച്ചതുകൊണ്ടാണ് ജീവന്‍ തിരിച്ചു കിട്ടിയത് എന്നാണ് അമ്മ സിന്ധു പറയുന്നത്.
47 വെട്ടുകള്‍ ആയിരുന്നു കൊല്ലപ്പെട്ട നടരാജന്റെ ദേഹത്ത് ഉണ്ടായിരുന്നത്.
ആലപ്പുഴ പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകന്‍ അച്ഛനെ വെട്ടികൊന്നത് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും തട്ടിയെടുക്കാനെന്ന് വിവരം. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അമ്മ സിന്ധു അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ 62 കാരന്‍ നടരാജന്‍ കഴിഞ്ഞ മാസം മുപ്പതാം തീയതി രാത്രിയാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. അമിതമായി ലഹരി ഉപയോഗിച്ചിരുന്ന അഭിഭാഷകനായ മകന്‍ നവജിത്ത് വെട്ടുകത്തി കൊണ്ട് അച്ചനെയും അമ്മയെയും വെട്ടുകയായിരുന്നു. 47 വെട്ടുകള്‍ ആയിരുന്നു കൊല്ലപ്പെട്ട നടരാജന്റെ ദേഹത്ത് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മ സിന്ധുവിനെ കഴിഞ്ഞ ദിവസം വാര്‍ഡിലേക്ക് മാറ്റി. നാല് ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ഇവരുടെ നില മെച്ചപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഗൃഹനാഥനായ നടരാജന്‍ ആയിരുന്നെന്നു. ലഹരി ഉപയോഗത്തിന് അമിതമായി പണം ചെലവാക്കുന്ന നവജിത്ത് പലതവണ അച്ഛനോട് ഭാര്യയുടെ സ്വര്‍ണം ആവശ്യപ്പെട്ടു. എന്നാല്‍ അച്ഛന്‍ ആഭരണങ്ങള്‍ വിട്ടു കൊടുത്തില്ല. ഞായറാഴ്ച്ചയും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെയാണ് നവജിത്ത് അച്ഛനെയും അമ്മയേയും അതിക്രൂരമായി വെട്ടിയത്. വീട്ടിലെ അലമാരിയില്‍ നിന്നു കണ്ടെത്തിയ അറുപതു പവന്‍ സ്വര്‍ണാഭരണം പൊലീസ് കോടതിയെ ഏല്‍പിച്ചു. മകന്റെ ആക്രമണം കസേര കൊണ്ട് പ്രതിരോധിച്ചതുകൊണ്ടാണ് ജീവന്‍ തിരിച്ചു കിട്ടിയത് എന്നാണ് അമ്മ സിന്ധു പറയുന്നത്.
റിമാന്‍ഡിലായ പ്രതി നവജിത്ത് ജയിലില്‍ വച്ച് മാനാസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ് നവജിത്ത് എന്നതിനാല്‍ ലഹരി വസ്തുക്കള്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന സ്വഭാവിക പ്രതികരണമാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സ പൂര്‍ത്തീകരിച്ച് രണ്ട് ദിവസത്തിനകം നവജിത്ത് ആശുപത്രിവിടും. ഇതിന് ശേഷമായിരിക്കും പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക.