അമ്മയെ മകന്‍ രഹസ്യമായി കുഴിച്ചുമൂടിയ സംഭവം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്

ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. രാധ(75)യുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തല്‍.

 

രാധയുടെ ശരീരത്തില്‍ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്നും മരണം വാർധക്യസഹജമായ അസുഖത്തെ തുടർന്നാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു

ആലപ്പുഴ: ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. രാധ(75)യുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തല്‍.

അമ്മ രാധയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന സംശയത്തില്‍ കസ്റ്റഡിയിലുള്ള മകൻ പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെ പൊലീസ് വിട്ടയയ്ക്കും. രാധയുടെ ശരീരത്തില്‍ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്നും മരണം വാർധക്യസഹജമായ അസുഖത്തെ തുടർന്നാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുരൂഹതയെ തുടർന്ന് ഇന്നലെയാണ് രാധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.

ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചെന്നും മറ്റാരെയുമറിയിക്കാതെ വീടിനു മുന്നില്‍ കുഴിയെടുത്തു സംസ്കരിച്ചെന്നും ഗിരീഷ് നാട്ടുകാരോടു പറയുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസെത്തിയത്.

മദ്യപാനിയായ ഗിരീഷ് അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്കെത്തിയത്. പൊലീസെത്തുമ്പോഴും ഇയാള്‍ കടുത്ത മദ്യലഹരിയിലായിരുന്നു. എന്നാല്‍ രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയതല്ലെന്നും ഗരീഷ് പൊലീസിനോട് പറഞ്ഞിരുന്നു.