'ഉമ്മൻ ചാണ്ടിയെ അവസാനകാലത്ത് ചിലർ കൈവിട്ടു'; രാജ്മോഹൻ ഉണ്ണിത്താനോട് എന്നും കടപ്പാടുണ്ടെന്ന് ചാണ്ടി ഉമ്മൻ
ഉമ്മൻ ചാണ്ടിയെ അവസാനകാലത്ത് ചിലർ കൈവിട്ടുവെന്നും അവിടെ സ്വാർത്ഥ താല്പര്യങ്ങൾ നേടാൻ ശ്രമിച്ചവർ ആരാണെന്ന് വരുംകാലത്ത് പുറത്തുവരുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ കേസ് കാലത്ത് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും പാർട്ടിക്കും വേണ്ടി പരസ്യമായി പോരാടിയ നേതാവാണ് രാജ്മോഹൻ ഉണ്ണിത്താനെന്നും, അദ്ദേഹത്തോടുള്ള കടപ്പാട് എന്നുമുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം: ഉമ്മൻ ചാണ്ടിയെ അവസാനകാലത്ത് ചിലർ കൈവിട്ടുവെന്നും അവിടെ സ്വാർത്ഥ താല്പര്യങ്ങൾ നേടാൻ ശ്രമിച്ചവർ ആരാണെന്ന് വരുംകാലത്ത് പുറത്തുവരുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ കേസ് കാലത്ത് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും പാർട്ടിക്കും വേണ്ടി പരസ്യമായി പോരാടിയ നേതാവാണ് രാജ്മോഹൻ ഉണ്ണിത്താനെന്നും, അദ്ദേഹത്തോടുള്ള കടപ്പാട് എന്നുമുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
സോളാർ കാലത്ത് ഇടതുപക്ഷം കുടുംബത്തെ പച്ചയ്ക്ക് വലിച്ചുകീറാൻ ശ്രമിച്ചപ്പോൾ മുന്നിൽ നിന്ന് പ്രതിരോധിച്ചത് രാജ്മോഹൻ ഉണ്ണിത്താനും ടി. സിദ്ദിഖുമാണ്. ചാനലുകളിൽ നിന്ന് ചാനലുകളിലേക്ക് പോയി പാർട്ടിയെ സംരക്ഷിച്ച അദ്ദേഹം, സിപിഎം ആക്രമണത്തിൽ രക്തമൊലിപ്പിച്ച് വീട്ടിലേക്ക് വന്നപ്പോൾ തങ്ങളാണ് ആശുപത്രിയിലാക്കിയതെന്നും ചാണ്ടി ഉമ്മൻ ഓർമ്മിച്ചു. ഏറ്റവും കൂടുതൽ കല്ലേറ് കൊണ്ട 'കല്ലേറിന്റെ രക്തസാക്ഷി'യാണ് ഉണ്ണിത്താനെന്നും, തങ്ങൾക്ക് മാത്രമല്ല കോൺഗ്രസ് പാർട്ടിക്ക് ഒട്ടാകെ അദ്ദേഹത്തോട് കടപ്പാടുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
അതേസമയം, സോളാർ സമയത്ത് ആരും ഇട്ടുപോയിട്ടില്ലെന്നും മറ്റുള്ളവരും അവരവരുടെ തലത്തിൽ പ്രതിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാഫി പറമ്പിലിനെ പിതാവ് എന്താണോ ഏൽപ്പിച്ചത് അത് അദ്ദേഹം ചെയ്തിട്ടുണ്ടാകും. പിതാവിന് വയ്യാത്ത അവസാന കാലത്താണ് ചിലർ സ്വാർത്ഥ താല്പര്യങ്ങൾക്കായി കൈവിട്ടത്. എന്നാൽ അതിന്റെ അർത്ഥം ഷാഫി പറമ്പിലാണെന്നല്ലെന്നും, ആരെയും കുറ്റപ്പെടുത്താനില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.