സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പുത്തനറിവുകൾ ഉപയോഗിക്കണം : മന്ത്രി ഡോ. ആർ ബിന്ദു
വിദ്യാർഥികൾ പുത്തനറിവുകൾ നേടി അതിലൂടെ സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗം കണ്ടെത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർഥികൾ പുത്തനറിവുകൾ നേടി അതിലൂടെ സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗം കണ്ടെത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക വൈജ്ഞാനിക മേഖലയിൽ കേരളം തനതായ മോഡൽ രൂപപ്പെടുത്തുകയാണ്. അതിന്റെ ഭാഗമായി നിലവിൽ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനും സുസ്ഥിര വികസന ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് കഴിയണം. വ്യക്തിപരമായ വിജയങ്ങളിലൊതുങ്ങാതെ സമൂഹത്തിന് നേട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം. സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾ മാലിന്യനിർമ്മാർജ്ജനം, കാർഷികം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
യുവതലമുറയുടെ പുത്തൻ ആശയങ്ങൾ സർക്കാർ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. കേരള നോളജ് ഇക്കോണമി മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, കെ - ഡിസ്‌ക് എന്നിവ സംയുക്തമായി ഇത്തരം ആശയങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ആശയങ്ങൾ പ്രായോഗിക തലത്തിലേക്ക് മാറ്റുന്നതിനായി ഇൻകുബേഷൻ സെന്ററുകളും സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സഹയസൗകര്യങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഡിജിറ്റൽ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ പഠന അവസരങ്ങൾ അവസാനിക്കുന്നില്ല. അക്കാദമിക് അറിവിലുപരി ചിന്തിക്കാനും നൂതന ആശയങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാവണം പ്രൊഫഷണൽ കോളേജുകളുടെ പ്രവർത്തനം. ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജ് രജത ജൂബിലി ആഘോഷിക്കുന്ന കാലഘട്ടത്തിൽ പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർത്ഥികളെയും മന്ത്രി അനുമോദിച്ചു.
എൽ പി എസ് സി ഡയറക്ടർ ഡോ വി നാരായണൻ, ടെക്‌നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ ഷാലിജ് പി ആർ, കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ഡീൻ ഡോ. വിനു തോമസ്, ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ ഷൈനി ജി എന്നിവർ സംസാരിച്ചു.