വയനാട് ജില്ലയിലെ വനമേഖലയിൽ 60 കിലോമീറ്റർ ദൂരത്തിൽ സോളാർ ഫെൻസിങ് സ്ഥാപിക്കും ;  വന്യമൃഗശല്യത്തിന് തടയിടാൻ കർശന നടപടികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്

കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഏറ്റവും രൂക്ഷമായി തുടരുന്ന വയനാട് ജില്ലയിൽ വന്യമൃഗശല്യത്തിന് അടിയന്തര തടയിടാൻ കർശന നടപടികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വനമേഖലയിൽ 60 കിലോമീറ്റർ ദൂരത്തിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ പ്രഖ്യാപിച്ചു.

 

 വയനാട് : കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഏറ്റവും രൂക്ഷമായി തുടരുന്ന വയനാട് ജില്ലയിൽ വന്യമൃഗശല്യത്തിന് അടിയന്തര തടയിടാൻ കർശന നടപടികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വനമേഖലയിൽ 60 കിലോമീറ്റർ ദൂരത്തിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ പ്രഖ്യാപിച്ചു. കൽപറ്റ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്. നിലവിലുള്ള 25 കിലോമീറ്റർ സോളാർ ഫെൻസിംഗിന്റെ അറ്റകുറ്റപ്പടികൾ പൂർത്തിയാക്കുന്നതിനൊപ്പം, നൂറു ദിവസത്തിനകം ജില്ലയ്ക്ക് നാല് പുതിയ റാപിഡ് റെസ്‌പോൺസ് ടീമുകളെയും (RRT) അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വനമേഖലയോട് ചേർന്ന് ജനവാസ മേഖലകൾ സ്ഥിതി ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വനപ്രദേശത്തിന്റെ വാഹക ശേഷി പഠിക്കാൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കടുവ, ആന എന്നിവയുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഓഗസ്റ്റ് ആറിന് പാലക്കാട് സമഗ്ര ചർച്ച നടക്കും.

വിവിധ കാടുകളിൽ നിന്ന് പിടികൂടുന്ന കടുവകളെ മറ്റ് ടൈഗർ റിസർവുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. കൂടാതെ കർഷകന്റെ ഭൂമി കർഷകനും വനഭൂമി വനത്തിനും ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും, വനം വകുപ്പിന് കീഴിലുള്ള 100 കിലോമീറ്റർ റോഡിന്റെ ക്ലിയറൻസ് ഉറപ്പാക്കുമെന്നും വാച്ചർമാർക്ക് കൂടുതൽ ഉപകരണങ്ങൾ നൽകി സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അദാലത്തുകളിൽ ഒ.ആർ (OR) പരാതികൾ പുനഃപരിശോധിച്ചു തീർപ്പാക്കൽ, കൃഷിനാശത്തിന് കർഷകർക്ക് നഷ്ടപരിഹാരം നൽകൽ, കർഷകന്റെ ഭൂമിക്ക് എൻ.ഒ.സി അനുവദിക്കൽ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര തീരുമാനമുണ്ടാകും. കർഷകർ, വനം വകുപ്പ്, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, ജനജാഗ്രത സമിതികൾ എന്നിവയുടെ കൂട്ടായ സഹകരണത്തോടെ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്ന് വ്യക്തമാക്കിയ മന്ത്രിയുടെ ഈ പ്രഖ്യാപനങ്ങൾ മലയോര കർഷകർക്ക് വലിയ ആശ്വാസമാകുന്നതാണ്. വാർത്താസമ്മേളനത്തിൽ എം.എൽ.എ ഐ.സി ബാലകൃഷ്ണനും സന്നിഹിതനായിരുന്നു.