ഡൽഹി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി സ്നേഹ ശ്രീകുമാർ 

എസ്.ഐ.ആറിന്റെ മറവിൽ വോട്ടുവെട്ടുന്നതിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി സ്നേഹ ശ്രീകുമാർ. നമ്മൾ ജനിച്ചു വളർന്ന രാജ്യം നമ്മുടേതാണ് എന്ന് ഉറക്കെ പറയാൻ വേണ്ടിയാണ് രാജ്യതലസ്ഥാനത്ത് ഇന്ത്യൻ യുവത ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു.

 

 കൊച്ചി: എസ്.ഐ.ആറിന്റെ മറവിൽ വോട്ടുവെട്ടുന്നതിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി സ്നേഹ ശ്രീകുമാർ. നമ്മൾ ജനിച്ചു വളർന്ന രാജ്യം നമ്മുടേതാണ് എന്ന് ഉറക്കെ പറയാൻ വേണ്ടിയാണ് രാജ്യതലസ്ഥാനത്ത് ഇന്ത്യൻ യുവത ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു. ‘ഉയരട്ടെ ജന്തർ മന്തർ’ എന്ന​പേരിൽ തൃപ്പൂണിത്തുറയിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സമരത്തെരുവിലെ പാട്ടും പറച്ചിലും പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

‘ഇവിടെ കൂടിയിരിക്കുന്നവരോട് പ്രത്യേകിച്ച് ഇതിനെ സംബന്ധിച്ച് ഒന്നും പറയേണ്ട കാര്യമില്ല. അതിന്റെ ഭീകരത മനസ്സിലാക്കിയതുകൊണ്ടാണല്ലോ നമ്മൾ ഇവിടെ ഒത്തുചേർന്നിട്ടുള്ളത്. ഇനി ഇതൊന്നും നമ്മളെ ബാധിക്കുന്നില്ല എന്ന് വിശ്വസിച്ചിരിക്കുന്നവരോടാണ് എനിക്ക് പറയാനുള്ളത്. നമുക്ക് സംഭവിക്കുന്നത് വരെ ഇത് എവിടെയോ കുറെ കുട്ടികൾ അടിമേടിക്കുന്ന, അല്ലെങ്കിൽ വേറെ പണിയൊന്നുമില്ലാതെ തല്ലുകൊള്ളാൻ പോയി ഡൽഹിയിൽ കിടക്കുന്ന എന്തോ ഒരു സംഭവം ആയിട്ട് നിങ്ങൾക്ക് തോന്നും. നിങ്ങൾ ജീവിച്ച ഈ രാജ്യത്തെ പൗരനല്ല എന്ന് നാളെ നിങ്ങളോട് പറയുമ്പോൾ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കുക. അതാണ് ഇതിന്റെ ഭീകരത.

നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണ്, ഇതൊരു ജനാധിപത്യ രാജ്യമാണ് എന്നൊക്കെയാണ് ചെറുപ്പം മുതൽ നമ്മൾ പഠിച്ചു വളരുന്നത്. പക്ഷേ ഇപ്പോൾ അതിനൊരു ഉറപ്പില്ലാത്ത അവസ്ഥയിലേക്ക് വന്നിരിക്കുകയാണ്. കാരണം, നിങ്ങൾ ഇവിടുത്തെ പൗരന​ല്ലെന്നും നിങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും പെട്ടെന്ന് ഒരു ദിവസം പറയുകയാണ്. അങ്ങനെ പെട്ടെന്ന് പറയുമ്പോൾ നമ്മൾ എവിടെയാണ് പോകേണ്ടത്? നമ്മൾ ജനിച്ചു വളർന്ന രാജ്യം നമ്മുടേതാണ് എന്ന് ഉറക്കെ പറയാൻ വേണ്ടിയാണ് രാജ്യതലസ്ഥാനത്ത് ഇന്ത്യയുടെ യുവത ഇറങ്ങി തിരിച്ചിരിക്കുന്നത്.

ഒരു വോട്ടല്ല, രണ്ടു വോട്ടല്ല, 13 കോടിയോളം വോട്ടുകളാണ് തള്ളിയത്. അത് യാദൃച്ഛികമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല ഇന്ത്യയിലെ യുവജനങ്ങൾ. അതുകൊണ്ടാണ് തെരുവിൽ ഇറങ്ങേണ്ടി വന്നത്. ചോദ്യങ്ങൾ ചോദിക്കുമ്പോഴും ഞങ്ങൾക്കുള്ള സംശയങ്ങൾ ചോദിക്കുമ്പോഴും അടിച്ച് പേടിപ്പിച്ച് ഓടിക്കാൻ ശ്രമിച്ചാൽ അങ്ങനെ പോകുന്നവരല്ല ഇന്ത്യയിലെ യുവാക്കൾ. ഒരാളെ നിങ്ങൾക്ക് അടിക്കാം, പകരം നാലുപേർ വരും. നാലുപേരെ നിങ്ങൾ അടിച്ചാൽ ഇരട്ടിയായി വരും. വേണ്ടിവന്നാൽ ഈ രാജ്യം മുഴുവൻ പ്രതികരിക്കാൻ തെരുവിലേക്ക് ഇറങ്ങുന്ന അവസ്ഥ ഉണ്ടാകും. ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ കൃത്യമായി പരിശോധിച്ച് മറുപടി തരുന്നതാണ് അതിലും നല്ലത്.

ഞങ്ങളുടെ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങളുടെ കൂടെ നിൽക്കുന്നതാണ് നിങ്ങൾക്ക് നല്ലത് എന്ന് മാത്രമാണ് പറയാനുള്ളത്. ഡൽഹിയിൽ നമ്മൾക്കു വേണ്ടി പോരാടുന്ന എല്ലാ യുവജനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

ഒരു രാജ്യത്തിന്റെ ഭാവി എന്നത് യുവജനങ്ങളാണ് എന്ന് ആവർത്തിച്ച് പറഞ്ഞ് ഭരണത്തിലേറിയ ശേഷം യുവജനങ്ങളെ അടിച്ചമർത്തുന്നനിങ്ങൾ എന്ത് രാജ്യവും പുരോഗതിയുമാണ് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. വേണ്ടിവന്നാൽ ഇനിയും ഒരുപാട് സമരമുറകളിലേക്ക് ഇറങ്ങിത്തിരിക്കാൻ ഇന്ത്യയിലെ യുവജനങ്ങൾ തയ്യാറാണ്’ -സ്നേഹ ശ്രീകുമാർ പറഞ്ഞു.