കണ്ണൂർ പിലാത്തറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് അടിച്ച് തകർത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറ് കണ്ടെത്തിയ സംഭവം ; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

പിലാത്തറയില്‍ ആക്രമിക്കപ്പെട്ട കാര്‍ സുഹൃത്തിന് കൈമാറിയതാണെന്ന് വാഹന ഉടമ അശ്വന്ത് യശ്വന്ത്. നാട്ടില്‍ നിന്ന് വരാന്‍ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിനാണ് വാഹനം കൊടുത്തത്.

 

കണ്ണൂര്‍: പിലാത്തറയില്‍ ആക്രമിക്കപ്പെട്ട കാര്‍ സുഹൃത്തിന് കൈമാറിയതാണെന്ന് വാഹന ഉടമ അശ്വന്ത് യശ്വന്ത്. നാട്ടില്‍ നിന്ന് വരാന്‍ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിനാണ് വാഹനം കൊടുത്തത്. വാഹനം കൊണ്ടുപോയ ആള്‍ വീട്ടിലുണ്ടെന്നും ഉടമ പറഞ്ഞു.

ഇന്ന് രാവിലെയാണ് കണ്ണൂര്‍ പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയത്. ബോണറ്റും ഡോറും തുറന്ന നിലയിലുള്ള കാറില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ വിവരം പരിയാരം പൊലീസിൽ അറിയിക്കുകയായിരുന്നു.