കോഴിക്കോട് അമ്മത്തൊട്ടിലിൽ  വീണ്ടും കുഞ്ഞതിഥിയെത്തി; 'ആരവ്' എന്ന് പേരിട്ടു

വ്യാഴാഴ്ച രാത്രി 10.37നാണ് 7 ദിവസം പ്രായമുള്ള മൂന്നര കിലോ തൂക്കമുള്ള ആൺകുഞ്ഞെത്തിയത്.

 

 കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതി കഴിഞ്ഞ ഓഗസ്റ്റിൽ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലിൽ നാലാമത്തെ അതിഥിയും എത്തി. വ്യാഴാഴ്ച രാത്രി 10.37നാണ് 7 ദിവസം പ്രായമുള്ള മൂന്നര കിലോ തൂക്കമുള്ള ആൺകുഞ്ഞെത്തിയത്.

യുദ്ധത്തിന്‍റെ മുൾമുനയിൽ അശാന്തമായ കാലത്ത് കാരുണ്യത്തിന്‍റേയും സമാധാനത്തിന്‍റെയും പ്രതീകമായി സമാധാനം എന്ന് അർഥം വരുന്ന ആരവ് എന്നാണ് കുഞ്ഞിന് പേരിട്ടത്. കുട്ടിയുടെ പ്രാഥമിക പരിശോധനകളെല്ലാം പൂർത്തിയായി. കുഞ്ഞ് ഇപ്പോഴും ബീച്ച് ആശുപത്രിയിൽ നീരീക്ഷണത്തിലാണ്. കുട്ടി പൂർണ ആരോഗ്യവാനാണെന്നാണ് വിവരം.