എസ്.എം.എ. മരുന്നു വിവാദത്തിൽ വഴിത്തിരിവ്; മരുന്ന് വാങ്ങിയത് എൽ.ഡി.എഫ്. കാലത്തെ കൂടിയാലോചനകളെ തുടന്നെന്ന് റിപ്പോർട്ട്

എസ്.എം.എ. (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) മരുന്നു വിവാദത്തിൽ നിർണായക വഴിത്തിരിവ്. വിവാദമായ മരുന്ന് വാങ്ങിയത് മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ഇത് സംബന്ധിച്ച് സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. നാറ്റ്‌കോ കമ്പനിയുടെ മരുന്ന് ശുപാർശ ചെയ്തുകൊണ്ട് ടെക്നിക്കൽ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഈ കത്ത്.

 

തിരുവനന്തപുരം: എസ്.എം.എ. (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) മരുന്നു വിവാദത്തിൽ നിർണായക വഴിത്തിരിവ്. വിവാദമായ മരുന്ന് വാങ്ങിയത് മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ഇത് സംബന്ധിച്ച് സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. നാറ്റ്‌കോ കമ്പനിയുടെ മരുന്ന് ശുപാർശ ചെയ്തുകൊണ്ട് ടെക്നിക്കൽ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഈ കത്ത്. എൽ.ഡി.എഫ്. സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു.ആർ. രാഹുൽ ഒപ്പിട്ടാണ് കത്ത് നൽകിയിട്ടുള്ളത്. ഈ കത്തിൻ്റെ അടിസ്ഥാനത്തിലാണ് പിന്നീട് യു.ഡി.എഫ്. സർക്കാർ മരുന്ന് വാങ്ങാൻ കരാറുണ്ടാക്കിയത്. മെയ് 8-നായിരുന്നു വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി നാറ്റ്‌കോ മരുന്ന് ശുപാർശ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് എസ്.എം.എ. ക്ലിനിക്കുകളിലൂടെ ഇന്ത്യൻ നിർമിതമായ പുതിയ മരുന്ന് ആരോഗ്യ വകുപ്പ് വിതരണം ചെയ്ത് തുടങ്ങിയത്. എന്നാൽ ഇന്ത്യൻ മരുന്നിന്റെ കവറിൽ 'ഡോക്ടേഴ്സ് സാമ്പിൾ' എന്ന് രേഖപ്പെടുത്തിയിരുന്നത് രക്ഷിതാക്കളിൽ ആശങ്കയ്ക്ക് ഇടയാക്കി. പുതിയ മരുന്നിന്റെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു. പരീക്ഷണ ലേബലുള്ള മരുന്നുകൾ കുട്ടികൾക്ക് നൽകിയത് നിസ്സാരമല്ലെന്നും, പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ വെച്ച് ചൂതാടുകയാണെന്നും ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.

അതേസമയം, ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. രാജ്യത്ത് വേണ്ട എല്ലാ അംഗീകാരവും ഈ പുതിയ മരുന്ന് നേടിയിട്ടുണ്ട്. കുറഞ്ഞ വിലയുള്ള ഈ മരുന്ന് കൂടുതൽ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാൻ സഹായിക്കുമെന്നും, കവറിൽ സാമ്പിൾ എന്ന് രേഖപ്പെടുത്തിയ മരുന്നും യഥാർത്ഥ മരുന്നും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.