എസ്.എം.എ. മരുന്ന് വിവാദം: മുൻ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം പൊളിയുന്നു; തെളിവുകൾ പുറത്ത്
സംസ്ഥാനത്ത് സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) രോഗബാധിതരായ കുട്ടികൾക്ക് പുതിയ മരുന്ന് വാങ്ങാൻ തീരുമാനമെടുത്തത് കഴിഞ്ഞ സർക്കാരാണെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാദം തള്ളുന്ന രേഖകൾ പുറത്തുവന്നു. പുതിയ മരുന്ന് വാങ്ങാൻ തീരുമാനിച്ചതും ടെൻഡർ നടപടികൾ പൂർത്തിയാക്കിയതും ഈ മാസത്തിലാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) രോഗബാധിതരായ കുട്ടികൾക്ക് പുതിയ മരുന്ന് വാങ്ങാൻ തീരുമാനമെടുത്തത് കഴിഞ്ഞ സർക്കാരാണെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാദം തള്ളുന്ന രേഖകൾ പുറത്തുവന്നു. പുതിയ മരുന്ന് വാങ്ങാൻ തീരുമാനിച്ചതും ടെൻഡർ നടപടികൾ പൂർത്തിയാക്കിയതും ഈ മാസത്തിലാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ, പരാതികൾ പരിശോധിക്കാൻ തയ്യറാണെന്നും വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്നുമാണ് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം.
നേരത്തെ എസ്.എം.എ. ബാധിച്ച കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നത് അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന വിദേശനിർമ്മിത മരുന്നായിരുന്നു. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇന്ത്യൻ നിർമ്മിത മരുന്ന് നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ വച്ചിരുന്നെങ്കിലും അന്തിമ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ വിദേശ മരുന്നിന് പകരം ഇന്ത്യൻ നിർമ്മിത മരുന്ന് നൽകാൻ ആരോഗ്യ വകുപ്പ് തിടുക്കത്തിൽ തീരുമാനമെടുക്കുകയായിരുന്നു.
കുറഞ്ഞ വിലയ്ക്ക് മരുന്ന് വാങ്ങാനുള്ള നീക്കം അപകടകരമാണെന്നും 12 വയസ്സ് വരെയുള്ള കുട്ടികളിൽ ഇത്തരം മരുന്ന് പരീക്ഷണം നടത്താൻ പാടില്ലെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. ക്ലിനിക്കൽ ടെസ്റ്റ് പൂർത്തിയാക്കിയ മരുന്നുകൾ മാത്രമേ കുഞ്ഞുങ്ങൾക്ക് നൽകാവൂ എന്നും, മന്ത്രി ഫയലുകൾ കൃത്യമായി പരിശോധിച്ച് അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ഗുരുതര രോഗം ബാധിച്ച കുട്ടികളെ സർക്കാർ പരീക്ഷണ വസ്തുക്കളാക്കുകയാണെന്ന കടുത്ത ആരോപണമാണ് പ്രതിപക്ഷം വിഷയത്തിൽ ഉയർത്തുന്നത്.