നവീൻ ബാബുവിൻ്റെ മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ആവശ്യം സർക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കുന്നു

കണ്ണൂർ മുൻ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത് സി.പി.എമ്മിനെ വെട്ടിലാക്കി.

 

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത് സി.പി.എമ്മിനെ വെട്ടിലാക്കി. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. പ്രതിക്ക് ഭരണതലത്തില്‍ വലിയ ബന്ധമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ പറയുന്നു. സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കുടുംബം കോടതിയെ അറിയിച്ചു.

ഗുരുതരമായ ആരോപണമാണ് കുടുംബം ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി, ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി, തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കുടുംബം പറയുന്നു. നേരത്തെ കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിലും പ്രത്യേക അന്വേഷണസംഘം കോടതിയിൽ നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് നവീൻ ബാബുവിൻ്റെ ഭാര്യയ്ക്കായി ഹാജരായ അഭിഭാഷക അറിയിച്ചിരുന്നു.

സി.പി.എം മുൻ ജില്ലാ കമ്മിറ്റിയംഗമായ പി.പി ദിവ്യയ്ക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജി പാർട്ടിയെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്. കേസിൽ സർക്കാരിൻ്റെ നിലപാട് അറിഞ്ഞതിനു ശേഷം മാത്രമേ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം കോടതി പരിഗണിക്കുകയുള്ളു.