വിഷപ്പാമ്പുകളുമായി ട്രെയിനില്‍ കയറും , യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ആറംഗ സംഘം പിടിയില്‍

ദിവസേന നൂറുകണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ട്രെയിനിലാണ് ഇവര്‍ എല്ലാ ദിവസവും വിഷപ്പാമ്പുകളുമായി എത്തി യാത്രക്കാരെ പേടിപ്പിച്ച് പണം തട്ടിയിരുന്നത്.

 

ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറുന്ന സംഘം ആളുകളെ ഭീഷണിപ്പെടുത്തി വലിയ തുകകള്‍ വാങ്ങുന്നത് പതിവായിരുന്നു.

പാമ്പുകളുമായി ട്രെയിനില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണം നടത്തുന്ന സംഘം ബിഹാറില്‍ പിടിയില്‍. ജനസേവ എക്‌സ്പ്രസില്‍ കയറിയ ആറുപേരെയാണ് ആര്‍പിഎഫ് പിടികൂടിയത്. ഇവരില്‍ നിന്ന് പത്ത് വിഷപ്പാമ്പുകളെ പിടിച്ചെടുത്തു. ദിവസേന നൂറുകണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ട്രെയിനിലാണ് ഇവര്‍ എല്ലാ ദിവസവും വിഷപ്പാമ്പുകളുമായി എത്തി യാത്രക്കാരെ പേടിപ്പിച്ച് പണം തട്ടിയിരുന്നത്.

ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറുന്ന സംഘം ആളുകളെ ഭീഷണിപ്പെടുത്തി വലിയ തുകകള്‍ വാങ്ങുന്നത് പതിവായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പാമ്പുകളെ തുറന്നുവിട്ട് ഭയപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഈ സംഘം പാമ്പുകളുമായെത്തി പണം തട്ടുന്നുവെന്ന അടിയന്തര സന്ദേശം റെയില്‍ മദദ് ആപ്പിലൂടെ ആര്‍പിഎഫിന് യാത്രക്കാരന്‍ കൈമാറി. തുടര്‍ന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ പാമ്പിനെ ട്രെയിനില്‍ തന്നെ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പ്രതികള്‍ ശ്രമം നടത്തി. ഏറെ പണിപ്പെട്ടാണ് ഇവരെ ട്രെയിനില്‍ നിന്ന് പുറത്തിറക്കിയത്. സ്റ്റേഷനില്‍ എത്തിയ ശേഷവും ഇവര്‍ പാമ്പുകളെ തുറന്നുവിട്ട് രക്ഷപ്പെടാന്‍ ശ്രമം നടത്തി.

മുമ്പും ഇതേ സംഘത്തിനെതിരെ ആര്‍പിഎഫിന് പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതികള്‍ ഏത് സ്റ്റേഷനില്‍ നിന്നാണ് കയറുന്നതെന്നോ എവിടെയാണ് ഇറങ്ങുന്നതെന്നോ ആര്‍ക്കും അറിയില്ല. പിടികൂടിയ പാമ്പുകളെ വനം വകുപ്പിന് കൈമാറി. ആര്‍പിഎഫിന് പുറമേ വനം വകുപ്പും സംഘത്തിനെതിരെ കേസെടുത്തു.