യുഡിഎഫ് സർക്കാരിന് ആറ് മാസം; 'വോട്ട് ചെയ്ത ഒരാളും നിരാശരാകില്ല, ആരുടെയും മുന്നിൽ തലകുനിക്കേണ്ടി വരില്ല' എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറ് മാസം പൂർത്തിയാക്കുന്ന വേളയിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് വോട്ട് ചെയ്ത ഒരാളും നിരാശരാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫിന് വോട്ട് ചെയ്തതിന്റെ പേരിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

 

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറ് മാസം പൂർത്തിയാക്കുന്ന വേളയിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് വോട്ട് ചെയ്ത ഒരാളും നിരാശരാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫിന് വോട്ട് ചെയ്തതിന്റെ പേരിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

സർക്കാരിന്റെ ആറാം മാസ വാർഷികത്തോടനുബന്ധിച്ച് ബുധനാഴ്ച 'എക്സി'ലൂടെ (X) പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ യുഡിഎഫ് ഭരണകൂടം കേരളത്തിന്റെ പ്രതീക്ഷകൾക്ക് ചിറകുനൽകുകയും വികസനത്തിനായി പുതിയ വഴികൾ തുറക്കുകയും ചെയ്തു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ കരുത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും, ഈ വിശ്വാസം കേവലം രാഷ്ട്രീയ ഉത്തരവാദിത്തം മാത്രമല്ല, മറിച്ച് മുന്നണിയിൽ ജനങ്ങൾക്കുള്ള പ്രതീക്ഷയുടെ പുതിയ അധ്യായമാണെന്നും അദ്ദേഹം കുറിച്ചു.

'പുതുയുഗം കേരളം' എന്ന സ്വപ്നം കേവലം ഒരു ആശയമല്ലെന്നും ഇച്ഛാശക്തിയും കൂട്ടായ പരിശ്രമവും കൊണ്ട് യാഥാർത്ഥ്യമാക്കാൻ കഴിയുന്ന ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വികസന യാത്രയിൽ സർക്കാർ മുൻനിരയിലുണ്ടാകുമെന്നും ഇതിനായി ജനങ്ങളുടെ പൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾക്ക് തങ്ങളുടെ പ്രതീക്ഷകളും നിർദ്ദേശങ്ങളും വിമർശനങ്ങളും സർക്കാരുമായി പങ്കുവയ്ക്കാവുന്നതാണ്. പരസ്പരം പറയുന്നത് കേട്ടും സ്വപ്നങ്ങൾ പങ്കുവച്ചും എല്ലാവർക്കും ഒരുമിച്ച് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, "ഇന്നത്തേക്കാൾ മനോഹരമായിരിക്കും നാളത്തെ കേരളം, നമുക്ക് ഒരുമിച്ച് നടക്കാം" എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.