സന്നിധാനത്തേക്ക് ‘നെയ്യ്’ കൊണ്ടുപോയ ട്രാക്ടറിന്റെ രേഖകൾ കാണാനില്ല ; അന്വേഷണം ഊർജിതമാക്കി എസ്.ഐ.ടി

 ശബരിമല സന്നിധാനത്തേക്ക് തിരുവനന്തപുരം മേഖല മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് പമ്പയിൽനിന്ന് ട്രാക്ടറിൽ കൊണ്ടുപോയതിനു രേഖകളില്ല.. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

 

 ശബരിമല സന്നിധാനത്തേക്ക് തിരുവനന്തപുരം മേഖല മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് പമ്പയിൽനിന്ന് ട്രാക്ടറിൽ കൊണ്ടുപോയതിനു രേഖകളില്ല.. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ തീർഥാടനസീസണിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം മേഖല മിൽമയിൽനിന്ന് നെയ്യ് വാങ്ങിയത്. ആകെ 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാറെങ്കിലും, പമ്പയിലെ ലെഡ്ജർ പരിശോധിച്ചപ്പോൾ 1.61 ലക്ഷം ലിറ്റർ മാത്രമാണ് രേഖപ്പെടുത്തിയതെന്ന് മുൻപ് കണ്ടെത്തിയിരുന്നു. സന്നിധാനത്ത് നെയ്യ് എത്തിയതായി ലെഡ്ഡറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ലെഡ്ജറിലെ വിവരങ്ങൾ മാത്രം വെച്ച് നെയ്യ് അവിടെയെത്തിയെന്ന് സ്ഥിരീകരിക്കാനാകില്ലെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. അനുബന്ധ രേഖകൾ യാതൊന്നും ഹാജരാക്കാൻ പമ്പയിലെ സ്റ്റോർ ചുമതലക്കാർക്ക് കഴിഞ്ഞിട്ടില്ല.

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട കൃത്യമായ നടപടിക്രമങ്ങളാണ് ഇവിടെ പാലിക്കപ്പെടാതെ പോയത്. ട്രാക്ടർ നമ്പർ, ഡ്രൈവറുടെ പേര്, തീയതി, സമയം, കൊണ്ടുപോയ സാധനം, അളവ്, ദേവസ്വത്തിൽ അടയ്ക്കേണ്ട 100 രൂപയുടെ രസീതിന്റെ പകർപ്പ് തുടങ്ങിയ നിർണ്ണായക വിവരങ്ങളെല്ലാം ഔദ്യോഗിക രേഖകളിൽ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. എന്നാൽ നെയ്യ് കൊണ്ടുപോയ ട്രാക്ടർ യാത്രകളെ സംബന്ധിച്ച് ഇത്തരം രേഖകളൊന്നും ദേവസ്വം വിജിലൻസിന് മുന്നിൽ ഹാജരാക്കാൻ സാധിച്ചിട്ടില്ല.

മിൽമയിൽ നിന്ന് നെയ്യ് എത്തിയത്, പമ്പയിൽ സ്വീകരിച്ചത്, സ്റ്റോക്കിൽ ചേർത്തത്, സന്നിധാനത്തേക്ക് മാറ്റിയത് തുടങ്ങി ഓരോ ഘട്ടത്തിലുമുള്ള കടുത്ത പൊരുത്തക്കേടുകളാണ് എസ്.ഐ.ടി അന്വേഷണത്തിൽ പ്രധാനമായി പരിശോധിക്കുന്നത്. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട ഈ വീഴ്ചയും ദുരൂഹതയും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.