കാലടി സംസ്കൃത സർവകലാശാല വിസിയായി ചുമതലയേറ്റ് ഡോ. സിസാ തോമസ്
കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. കാലടി സർവകലാശാല വിസി ഡോക്ടർ കെ.കെ. ഗീതാകുമാരിയെ നീക്കികൊണ്ട് ഇന്നലെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ ഉത്തരവിറക്കിയത്.
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. കാലടി സർവകലാശാല വിസി ഡോക്ടർ കെ.കെ. ഗീതാകുമാരിയെ നീക്കികൊണ്ട് ഇന്നലെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ ഉത്തരവിറക്കിയത്. സാങ്കേതിക സർവകലാശാല വിസി ഡോ. സിസാ തോമസിന് കാലടിയുടെ അധികം ചുമതലയും നൽകിയിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ കാലടി സംസ്കൃത സർവകലാശാല ആസ്ഥാനത്തെത്തി സിസാ തോമസ് ചുമതലയേറ്റത്. ന്യൂജനറേഷൻ യൂണിവേഴ്സിറ്റികളെയാണ് താൻ കണ്ടിട്ടുഉള്ളതെന്നും കാലടി സർവകലാശാലയിൽ കൂടുതൽ പഠിക്കാനുണ്ടെന്നും ചുമതലയേറ്റശേഷം സിസാ തോമസ് പറഞ്ഞു.
അറിവിൻറെ അക്ഷരങ്ങൾ തുറന്നുകൊടുത്ത ഒരു വ്യക്തിയുടെ പേരിലുള്ള സർവകലാശയുടെ ഭാഗമായതിൽ സന്തോഷമുണ്ട്. ഇതൊരു ഭാഗ്യമായി കാണുന്നു. കാലടി സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയും ശമ്പള പ്രതിസന്ധിയും ഗൗരവകരമായ വിഷയങ്ങളാണ്. ഇക്കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാര്യങ്ങൾ മനസിലാക്കും. നാളെ മന്ത്രി ആർ ബിന്ദു സർവകലാശാലയിലെത്തും. മന്ത്രിയുമായി ചർച്ച നടത്തും. മുൻ വിസിയെ മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പരിശോധന നടത്തും. ബിഎഫ്എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ്എ അഡ്മിഷൻ നൽകിയതും പരിശോധിക്കുമെന്ന് സിസാ തോമസ് പറഞ്ഞു.
ബിഎഫ്എ പാസാവത്ത വിദ്യാർഥിക്ക് എംഎഫ്എ അഡ്മിഷൻ നൽകിയതുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഇടപെട്ടാണ് ഗവർണർ കാലടി വിസിയെ നീക്കിയത്. അഡ്മിഷനുമായി ബന്ധപ്പെട്ട് ഗവർണർ വിസിയോട് വിശദീകരണം തേടുകയും ഫയലുകൾ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതൊന്നും അനുസരിക്കാൻ വിസി കൂട്ടാക്കിയിരുന്നില്ല. 2001 നും 2005നും ഇടയിൽ കാലടി സർവകലാശാലയിൽ ബിഎഫ്എ മ്യൂറൽ പെയിൻറിംഗിന് ചേർന്ന വിദ്യാർഥി 2005ൽ പരീക്ഷ പാസാകാതെ കോഴ്സ് അവസാനിപ്പിച്ചിരുന്നു. ഇതേ വിദ്യാർഥിക്ക് 2021 ൽ എംഎഫ്എക്ക് അഡ്മിഷൻ നൽകിയ സർവകലാശാലയുടെ നടപടി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എം എഫ് എ പരീക്ഷയുടെ സമയത്താണ് പരീക്ഷാ വിഭാഗം ജീവനക്കാർ ഇത് കണ്ടെത്തുകയും ഈ വിദ്യാർഥിയുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കുകയും ചെയ്തത്. വാർത്തക്ക് പിന്നാലെ ഗവർണർ കാലടി സർവകലാശാല വിസിയോട് ഇതിൽ വിശദീകരണം തേടി.