സിസ തോമസ് മറ്റൊരു 'വിഷകലയോ' ; രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍

സിസ തോമസിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജലീല്‍ പോസ്റ്റ് പങ്കുവെച്ചത്

 

ശശികലയെക്കാള്‍ വലിയ വിഷകലയായി കേരളത്തിന്റെ പൊതുബോധത്തില്‍ വിഷം നിറക്കാമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്?

കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് കെ ടി ജലീല്‍. സിസ തോമസ് മറ്റൊരു 'വിഷകലയോ'എന്ന് ചോദിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സിസ തോമസ് മനുഷ്യസ്ത്രീയാണോയെന്നും കെ ടി ജലീല്‍ ചോദിച്ചു. ശശികലയെക്കാള്‍ വലിയ വിഷകലയായി കേരളത്തിന്റെ പൊതുബോധത്തില്‍ വിഷം നിറക്കാമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് ജയിലില്‍ കിടന്ന് പഠിച്ച് എല്‍എല്‍ബി ബിരുദമെടുക്കാന്‍ അവസരമുണ്ടായ നാടാണിതെന്ന് സിസ തോമസിന് അറിയില്ലേയെന്നും കെ ടി ജലീല്‍ ചോദിച്ചു.

സിസ തോമസിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജലീല്‍ പോസ്റ്റ് പങ്കുവെച്ചത്. മാസങ്ങളായി കേടായി കിടക്കുന്ന ഡ്രാമാ തിയേറ്ററിലെ ലൈറ്റിന് ശവമഞ്ചം തീര്‍ത്തതാണോ കുട്ടികള്‍ ചെയ്ത മഹാപരാധമെന്ന് ജലീല്‍ ചോദിച്ചു. പതിനാറ് കുട്ടികളുടെ ഭാവി തകര്‍ത്തിട്ട് ജീവിതത്തില്‍ എന്ത് പദവികള്‍ നേടാമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?. നിങ്ങളും ഒരമ്മയല്ലേ?. ഏത് കോടതിയില്‍ നിന്നാണ് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതിരിക്കാനുള്ള വിധി നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ജലീല്‍ ചോദിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് മഹാരാജാസിന്റെ അങ്കണത്തില്‍ വെച്ച് ചോദ്യം ചോദിച്ച നഫീസത്തുല്‍ മിസ്രിയ അവള്‍ക്ക് വേണ്ടിയായിരുന്നില്ല, നിങ്ങള്‍ അകാരണമായി പുറത്താക്കിയവര്‍ക്ക് വേണ്ടിയായിരുന്നു വിരല്‍ ചൂണ്ടിയത്. ആ ബോധം നിങ്ങള്‍ക്കുണ്ടോ. പാര്‍ലമെന്റ് നടക്കുമ്പോള്‍ അതിനകത്തേക്ക് ആളപായമുണ്ടാക്കാത്ത ബോംബെറിഞ്ഞ് ഇന്ത്യക്കാരന്റെ നീറുന്ന പ്രശ്നങ്ങളിലേക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ച ഭഗത് സിങ് ചെയ്തതും നഫീസത്തുല്‍ മിസ്രിയ ചെയ്തതും തമ്മില്‍ എന്തു വ്യത്യാസമാണ് ഉള്ളത്?. ശ്രീശങ്കരാചാര്യാ സര്‍വകലാശാല ആര്‍എസ്എസിന് തീറെഴുതിക്കൊടുക്കാനുള്ള ഗവര്‍ണറുടെ ഇംഗിതം നടപ്പിലാക്കാന്‍ കേരളത്തിലെ 'പൂക്കി സര്‍ക്കാരിന്റെ' വല്ല ഉറപ്പും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

നീതിബോധമുള്ള മുഴുവന്‍ മനുഷ്യരുടെയും ശാപവാക്കുകള്‍ ഇടിത്തീയ്യായി നിപതിച്ച് അശാന്തമായ ദിനരാത്രങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? സ്വന്തം മക്കളുടെ സ്ഥാനത്ത് നിങ്ങള്‍ പുറത്താക്കി നശിപ്പിക്കാന്‍ ഉദ്ദേശിച്ച മക്കളെ എപ്പോഴെങ്കിലും ഒന്ന് സങ്കല്‍പ്പിച്ച് നോക്കിയിട്ടുണ്ടോയെന്നും ജലീല്‍ ചോദിച്ചു. അധികാരത്തിന്റെ ഹുങ്കില്‍ മിടുക്കരായ 16 കുട്ടികളുടെ ഭാവി നിങ്ങള്‍ നശിപ്പിച്ചാല്‍, നിങ്ങളുടെ മക്കളുടെ ഭാവിയുടെ മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ 'മറ്റൊരു സിസ തോമസ്' എവിടെയെങ്കിലും ഉയിര്‍ത്തെഴുനേല്‍ക്കുമെന്ന സാമാന്യ ബോധം എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇല്ലാത്തത് എന്ന് ചോദിച്ചുകൊണ്ടാണ് ജലീല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.