എസ്.ഐ.ആർ അന്തിമപട്ടിക: ബി ജെ പി ഉന്നമിടുന്ന മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുത്തനെ കുറഞ്ഞത് പ്രത്യേകം പരിശോധിക്കണം : വെൽഫെയർ പാർട്ടി
എസ്.ഐ.ആർ അന്തിമപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ബിജെപി ഉന്നമിടുന്ന മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുത്തനെ കുറഞ്ഞത് പ്രത്യേകം പരിശോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി
തിരുവനന്തപുരം: എസ്.ഐ.ആർ അന്തിമപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ബിജെപി ഉന്നമിടുന്ന മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുത്തനെ കുറഞ്ഞത് പ്രത്യേകം പരിശോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. തിരുവനന്തപുരം ജില്ലയിൽ ബി ജെ പി ഉന്നമിടുന്ന തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ അസാധാരണമായ കുറവ് വന്നിട്ടുണ്ട്.
സംസ്ഥാനത്താകെ 8.97 ലക്ഷം വോട്ടുകൾ കുറഞ്ഞതിൽ ഈ നാല് മണ്ഡലങ്ങളിൽ മാത്രം കുറഞ്ഞത് 1.61 ലക്ഷം വോട്ടർമാരാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ 42,580 വോട്ടർമാരും തിരുവനന്തപുരത്ത് 47,647 വോട്ടർമാരും നേമത്ത് 38,063 വോട്ടർമാരും കഴക്കൂട്ടത്ത് 32,769 വോട്ടർമാർ കുറഞ്ഞിട്ടുണ്ട്. എസ് ഐ ആറിനെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബി ജെ പി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വോട്ട് ചോരിയുടെ തെളിവുകൾ നമുക്ക് മുന്നിലുണ്ട്.
ജനാധിപത്യത്തെ കുറുക്കു വഴികളിലൂടെയും ഗൂഢപദ്ധതികളിലൂടെയും അട്ടിമറിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ബി ജെ പി ഉന്നമിടുന്ന മണ്ഡലങ്ങളിൽ വന്ന അസാധാരണമായ വോട്ട് കുറവിനെ സംബന്ധിച്ച് സൂക്ഷ്മമായ അന്വേഷണം നടത്താനും അർഹതപ്പെട്ട മുഴുവൻ പൗരന്മാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നുറപ്പ് വരുത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.