എസ്‌ഐആര്‍ കരട് പട്ടിക; പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്

 

വെള്ളിയാഴ്ച വരെ പേരു ചേര്‍ക്കാന്‍ 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നല്‍കിയിട്ടുണ്ട്.

 

പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടിയുടെ പരാതി

എസ്‌ഐആര്‍ കരട് പട്ടിക പരിശോധിക്കാന്‍ കോണ്‍ഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്. വൈകീട്ട് അഞ്ച് മണി മുതല്‍ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന. കരട് പട്ടികയിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടിയുടെ പരാതി. അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് ഫ്‌ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വരെ പേരു ചേര്‍ക്കാന്‍ 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം, എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും. ഉന്നതികള്‍,മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അംഗനവാടി,ആശ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.