14 വർഷം കൊണ്ട് കെട്ടിപ്പൊക്കിയ പെരും നുണ കോട്ട പൊളിഞ്ഞു : ഷുക്കൂർ വധക്കേസ് വിധിയിൽ കെ.കെ രാഗേഷ്
അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വിധി വന്നതോടെ 14 വർഷംകൊണ്ട് വേവിച്ചെടുത്ത പെരുംനുണ കോട്ട പൊളിഞ്ഞെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് .
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വിധി വന്നതോടെ 14 വർഷംകൊണ്ട് വേവിച്ചെടുത്ത പെരുംനുണ കോട്ട പൊളിഞ്ഞെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് . കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വേട്ടയാടാനാണ് ഈക്കാലമത്രയും ശ്രമിച്ചതെന്ന് രാഗേഷ് പ്രതികരിച്ചു.
മുസ്ലിം ലീഗ്അക്രമ വാർത്തയറിഞ്ഞ് പ്രദേശം സന്ദർശിക്കാൻ പോയ പി. ജയരാജനെയും കൂട്ടരെയും ആക്രമിക്കുകയും തുടർന്ന് തളിപറമ്പ്സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് ഗൂഢാലോചന നടത്തിയെന്ന് വരുത്തിത്തീർക്കാൻ രണ്ട് കള്ള സാക്ഷികളെ ഉണ്ടാക്കുകയുമായിരുന്നു.ആർഎസ്എസ് ആക്രമണത്തിൽ ദേഹമാസകലം വെട്ടേറ്റ പി. ജയരാജനെയും ടി.വി. രാജേഷിനെയുംപോലെയുള്ള നേതാക്കളെ കേസിൽ കുടുക്കാൻ ഒരു ഘട്ടത്തിൽ കേസ് സിബിഐക്ക് വിട്ടു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടാനുള്ള നീക്കംകൂടിയായിരുന്നു ഇത്. അതുകൂടിയാണ് കോടതി വിധിയോടെ പൊളിഞ്ഞുവീണതെന്നും രാഗേഷ് പറഞ്ഞു. ഗൂഢാലോചനാക്കേസിന് ഒരടിസ്ഥാനവുമില്ലെന്ന് കണ്ടെത്തിയതിനാലാണ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്.നാട്ടിൽ എത്രയോ കമ്യൂണിസ്റ്റുകാർ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയൊന്നും പേരുകൾപോലും ചർച്ചയാക്കാതെ ഈ കേസിനെമാത്രം ബോധപൂർവം സെൻസിറ്റീവാക്കി മാറ്റുകയാണുണ്ടായത്. അതിനായി പാർട്ടി കോടതി, ഗൂഢാലോചന എന്നിങ്ങനെ രണ്ട് പെരുംനുണകൾ കെട്ടിപ്പൊക്കി. അതാണിപ്പോൾ തകർന്നുവീണതെന്നും രാഗേഷ് കൂട്ടിച്ചേർത്തു.